സാഡിയോ മാനെ തിരികെ പ്രീമിയർ ലീഗിലേക്കോ? ഓഫർ നൽകാൻ വമ്പന്മാർ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിന്റോയിലായിരുന്നു സെനഗലീസ് സൂപ്പർ താരമായ സാഡിയോ മാനെ ക്ലബ്ബ് വിട്ടത്. ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കായിരുന്നു താരത്തെ സ്വന്തമാക്കിയത്. ലിവർപൂളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി മിന്നുന്ന പ്രകടനം നടത്താൻ മാനെക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ താരത്തിൽ ബയേണിന് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു.

പക്ഷേ ആ രൂപത്തിൽ അല്ല കാര്യങ്ങൾ പുരോഗമിച്ചിട്ടുള്ളത്. ജർമ്മനിയിൽ വലിയ മികവ് ഒന്നും പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടില്ല.ആകെ 36 മത്സരങ്ങൾ കളിച്ച താരം 12 ഗോളുകളാണ് നേടിയിട്ടുള്ളത്. അതിനേക്കാൾ ഉപരി സാഡിയോ മാനെയുടെ പ്രവർത്തികളാണ് ക്ലബ്ബിന് തലവേദന സൃഷ്ടിച്ചിട്ടുള്ളത്.

ഡ്രസിങ് റൂമിനകത്ത് പലപ്പോഴും താരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.ഇതിൽ സാനെയുടെ മുഖത്ത് ഇടിച്ചത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. കൂടാതെ ക്ലബ്ബിനകത്ത് അവസരങ്ങൾ കുറയുന്നതിൽ താരം വളരെയധികം അസംതൃപ്തനുമായിരുന്നു. ഇതുകൊണ്ടൊക്കെ തന്നെയും വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാനെയെ ഒഴിവാക്കാൻ ബയേൺ ആലോചിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ 31കാരനായ ഈ താരത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്ക് താല്പര്യമുണ്ട്.ഫുട്ബോൾ ഇൻസൈഡറിനെ ഉദ്ധരിച്ചുകൊണ്ട് ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരത്തിന് വേണ്ടി ചെൽസി ഒരു ഓഫർ സമർപ്പിച്ചേക്കും.

പ്രീമിയർ ലീഗിലേക്ക് മടങ്ങാൻ സാഡിയോ മാനെക്ക് താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ സ്വന്തമാക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ചെൽസിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *