സബ്റ്റിട്യൂഷൻ വിവാദം,വീണ്ടും പ്രതികരിച്ച് റാൾഫ്!

കഴിഞ്ഞ ബ്രന്റ്ഫോഡിനെതിരെയുള്ള മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്.മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങിയിരുന്നുവെങ്കിലും ഗോളുകളൊന്നും നേടാൻ സാധിച്ചിരുന്നില്ല.മാത്രമല്ല 71-ആം മിനുട്ടിൽ അദ്ദേഹത്തെ പരിശീലകൻ റാൾഫ് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള അതൃപ്തി ക്രിസ്റ്റ്യാനോ അപ്പോൾ തന്നെ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.കൂടാതെ കഴിഞ്ഞ ദിവസത്തെ പരിശീലനത്തിന് ശേഷം ഫോട്ടോഗ്രാഫർമാരെ അഭിമുഖീകരിക്കാനും താരം തയ്യാറായിരുന്നില്ല.

ഏതായാലും ഈ വിവാദത്തിൽ റാൾഫ് ഒരിക്കൽ കൂടി തന്റെ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് ക്രിസ്റ്റ്യാനോ തന്നെ വെല്ലുവിളിക്കുകയാണെന്ന് തോന്നിയിട്ടില്ല എന്നാണ് റാൾഫ് പറഞ്ഞത്.ക്രിസ്റ്റ്യാനോയെ താൻ കുറ്റപ്പെടുത്തില്ലെന്നും പിൻവലിച്ചത് ഇഷ്ടപ്പെടാത്തത് അദ്ദേഹം വൈകാരികമായി പ്രകടിപ്പിച്ചതാണെന്നും റാൾഫ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആ പ്രവർത്തിയിലൂടെ ക്രിസ്റ്റ്യാനോ എന്നെ വെല്ലുവിളിക്കുകയാണെന്ന് ഞാൻ കാണുകയോ വ്യാഖ്യാനിക്കുകയോ ചെയ്തിട്ടില്ല.പിൻവലിച്ചതിൽ താൻ സന്തുഷ്ടനല്ല എന്നുള്ള കാര്യം അദ്ദേഹം വൈകാരികമായി അറിയിച്ചതാണ്.പക്ഷെ ഇത് ആദ്യമായിട്ടൊന്നുമല്ല.ഫെർഗൂസൻ,സാരി എന്നിവർക്ക് കീഴിലൊക്കെ ഇങ്ങനെ ഉണ്ടായിട്ടുണ്ട്. ഇതിന് പരിശീലനവുമായി ബന്ധമില്ല,മറിച്ച് അദ്ദേഹം കളത്തിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു എന്നുള്ളതാണ്.ഒരിക്കൽ കൂടി പറയുന്നു,ഇതൊരു ടീം സ്പോർട്ട് ആണ്. മൂന്ന് പോയിന്റുകൾ ലഭിക്കുക എന്നുള്ളതിനാണ് പ്രാധാന്യം. മത്സരം വിജയിക്കാനുള്ള തീരുമാനങ്ങളാണ് പരിശീലകൻ എടുക്കുക. ഞാൻ ചെയ്തത് ശരിയാണെന്നോ പെർഫെക്റ്റ് ആണെന്നോ ഞാൻ അവകാശപ്പെടുന്നില്ല.മറിച്ച് ആ പ്രവർത്തിയുടെ റിസൾട്ട്‌ ലഭിച്ചു എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഒരുപക്ഷേ ഭാവിയിൽ ക്രിസ്റ്റ്യാനോ ഒരു പരിശീലകൻ ആയേക്കാം,അന്ന് അദ്ദേഹത്തിന് ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വരും. ഞാൻ ഒരിക്കലും ക്രിസ്റ്റ്യാനോയെ കുറ്റപ്പെടുത്തില്ല.ഇതൊരു വൈകാരികമായ ഗെയിമാണ്.താരങ്ങൾ വികാര ഭരിതരായേക്കാം.ഞാൻ അതൊന്നും വ്യക്തിപരമായി എടുക്കില്ല. ആ സമയത്ത് അദ്ദേഹം കളത്തിൽ തുടരാനും കളിക്കാനും ആഗ്രഹിച്ചിരുന്നു. ഒരുപക്ഷേ ഒന്നോ രണ്ടോ ഗോളുകൾ നേടാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിട്ടുണ്ടാവാം ” റാൾഫ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഇന്ന് വീണ്ടും കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.വെസ്റ്റ് ഹാമാണ് യുണൈറ്റഡിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!