രണ്ട് വർഷത്തെ കരാർ, സിൽവ ചെൽസിയിലേക്ക് തന്നെയെന്ന് ഉറപ്പാവുന്നു !

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരമായിരുന്നു തിയാഗോ സിൽവയുടെ പിഎസ്ജി ജേഴ്സിയിലുള്ള അവസാനമത്സരം. അതിന് ശേഷം താരം വിടവാങ്ങൽ പ്രസംഗം നടത്തുകയും ഫ്രീ ഏജന്റ് ആവുകയും ചെയ്തിരുന്നു. പിഎസ്ജി പരിശീലകൻ തോമസ് ടുഷേലിന് താരത്തെ നിലനിർത്താൻ താല്പര്യമുണ്ടെങ്കിലും ക്ലബിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ലിയനാർഡോ ഇതിന് എതിരാണ്. ഇതോടെ താരത്തെ ക്ലബ് കൈവിടുകയായിരുന്നു. താരത്തെ ലംപാർഡിന്റെ ചെൽസി നോട്ടമിട്ടു എന്നത് ഏറെ ശക്തി പ്രാപിച്ചു വരികയാണ്. സിൽവ ചെൽസിയിലേക്ക് തന്നെ എത്തുമെന്ന് യൂറോപ്പിലെ പ്രമുഖമാധ്യമങ്ങൾ ഒക്കെ തന്നെയും റിപ്പോർട്ട്‌ ചെയ്തു കഴിഞ്ഞിട്ടുണ്ട്. രണ്ട് വർഷത്തെ കരാറാണ് ഈ ബ്രസീലിയൻ ഡിഫൻഡർക്ക് നീലപ്പട വാഗ്ദാനം ചെയ്തിരിക്കുന്നത്. ആ ഓഫർ സിൽവ സ്വീകരിക്കാനും തയ്യാറായിട്ടുണ്ട്. ഇഎസ്പിഎൻ എഫ്സിയാണ് സിൽവ ചെൽസിയിലേക്ക് തന്നെയാണ് എന്ന് ഉറപ്പിച്ചു പറയുന്നത്.

സിൽവ ചെൽസിയുമായി പേർസണൽ ടെംസ് ഒക്കെ അംഗീകരിച്ചിട്ടുണ്ട് എന്നാണ് അറിവ്. ഒന്നുരണ്ട് കാര്യങ്ങളിൽ കൂടി വ്യക്തത കൈവരാനുണ്ട്. കൂടാതെ സിൽവയും ലാംപാർഡും ഇനിയും ഇതേകുറിച്ച് സംഭാഷണങ്ങൾ നടത്തിയേക്കും. കഴിഞ്ഞ ദിവസം ലെസ്റ്റർ സിറ്റി ഡിഫൻഡർ ചിൽവെല്ലിനെ 50 മില്യൺ പൗണ്ടിനടുത്ത് നൽകി കൊണ്ട് ചെൽസിയിൽ എത്തിച്ചിരുന്നു. കൂടാതെ ജർമൻ യുവതാരം കായ് ഹാവെർട്സിന് വേണ്ടിയുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിലാണ് ഒരുപക്ഷെ ഇതിന് ശേഷമായിരിക്കും ഔദ്യോഗികസ്ഥിരീകരണങ്ങൾ കൈവരുക. ഹാകിം സിയെച്ച്, ടിമോ വെർണർ എന്നിവരെ ലംപാർഡ് ടീമിൽ എത്തിച്ചു കഴിഞ്ഞിരുന്നു. 35 വയസ്സായിട്ടും സിൽവയുടെ പ്രതിഭക്ക് ഒരു പോറല് പോലും ഏറ്റിട്ടില്ലെന്ന് സമീപകാലപ്രകടനങ്ങൾ വ്യക്തമാക്കിയിരുന്നു. ഇത് തന്നെയാണ് ലാംപാർഡിനെ ഈ ബ്രസീൽ താരത്തെ സ്വന്തമാക്കാൻ പ്രേരിപ്പിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!