ബെയ്‌ലിനും റെഗിലോണിനും പുറമെ ബ്രസീൽ താരം വിനീഷ്യസിനെയും ക്ലബ്ബിലെത്തിച്ച് മൊറീഞ്ഞോ !

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു രണ്ട് പ്രധാനപ്പെട്ട താരങ്ങളെ ടോട്ടൻഹാം റയൽ മാഡ്രിഡിൽ നിന്നും റാഞ്ചിയത്. റയലിന്റെ ഫുൾ ബാക്ക് ആയിരുന്ന റെഗിലോണിനെയും സ്‌ട്രൈക്കർ ഗാരത് ബെയ്‌ലിനെയുമായിരുന്നു മൊറീഞ്ഞോ സ്വന്തം തട്ടകത്തിൽ എത്തിച്ചിരുന്നത്. ബെയ്‌ലിനെ ഒരു വർഷത്തെ ലോണിൽ ആണ് എത്തിച്ചതെങ്കിൽ റെഗിലോണിനെ പെർമെനന്റ് ആയി എത്തിക്കുകയായിരുന്നു. ഇപ്പോഴിതാ മുന്നേറ്റനിരയിലേക്ക് മറ്റൊരു താരത്തെ കൂടി മൊറീഞ്ഞോ എത്തിച്ചിരിക്കുകയാണ്. ബെൻഫിക്കയുടെ ബ്രസീലിയൻ സ്‌ട്രൈക്കർ കാർലോസ് വിനീഷ്യസിനെയാണ് ടോട്ടൻഹാം പുതുതായി സൈൻ ചെയ്തിരിക്കുന്നത്. ഇന്നലെയാണ് താരത്തെ സൈൻ ചെയ്ത വിവരം സ്പർസ് ഔദ്യോഗികമായി പുറത്തു വിട്ടത്. ഒരു വർഷത്തെ ലോണിൽ ആണ് താരത്തെ ബെൻഫിക്കയിൽ നിന്നും റാഞ്ചിയത്. കൂടാതെ അടുത്ത വർഷം താരത്തെ വാങ്ങാനുള്ള ഓപ്ഷനും ടോട്ടൻഹാമിന് മുന്നിലുണ്ട്. 36 മില്യൺ പൗണ്ട് നൽകിയാൽ അടുത്ത വർഷം താരത്തെ സ്പർസിന് സ്വന്തമാക്കാം.

ടോട്ടൻഹാമിന്റെ സൂപ്പർ സ്‌ട്രൈക്കർ ഹാരി കെയ്നിന്റെ പകരക്കാരൻ എന്ന രൂപത്തിലാണ് താരത്തെ ക്ലബ് ടീമിൽ എത്തിച്ചത്. കഴിഞ്ഞ വർഷം നാപോളിയിൽ നിന്നാണ് താരം 15 മില്യൺ പൗണ്ടിന് ബെൻഫിക്കയിൽ എത്തിയത്. നാപോളിയിൽ ആയിരുന്ന കാലത്ത് തന്നെ മൊണോക്കോ, റിയോ അവേ എന്നീ ക്ലബുകൾക്ക് വേണ്ടി താരം ലോണിൽ കളിച്ചിട്ടുണ്ട്. തുടർന്നാണ് ഈ ബ്രസീലിയൻ താരം ബെൻഫിക്കയിൽ എത്തിയത്. ഇരുപത്തിയഞ്ചുവയസ്സുകാരനായ താരം ഇരുപത്തിനാല് തവണയാണ് കഴിഞ്ഞ തവണ ബെൻഫിക്കക്ക് വേണ്ടി വലകുലുക്കിയത്. തുടർന്ന് യുവന്റസ്, ഇന്റർമിലാൻ എന്നിവർ ഈ സൂപ്പർ താരത്തിന് പിന്നാലെയുണ്ടായിരുന്നു. ചാമ്പ്യൻസ് ലീഗിലും ഗോൾ നേടിയിരുന്ന താരം പോർച്ചുഗീസ് സൂപ്പർ കപ്പ് നേടാൻ ബെൻഫിക്കയെ സഹായിച്ചിരുന്നു. ടോട്ടൻഹാമിന്റെ ആറാമത്തെ സൈനിങ്‌ ആണിത്. ബെയ്ൽ, റെഗിലോൺ, മാറ്റ് ഡോഹെർട്ടി, ജോ ഹർട്ട്, പിയറെ എമിലി എന്നിവരെയായിരുന്നു ഇതിന് മുമ്പ് സൈൻ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!