ബാഴ്സയുടെ ഡിഫൻഡർ ലീഡ്സുമായി കരാറിലെത്തി?

എഫ്സി ബാഴ്സലോണയുടെ ഡിഫൻഡറായ ജൂനിയർ ഫിർപ്പോ പ്രീമിയർ ലീഗ് ക്ലബായ ലീഡ്‌സ് യുണൈറ്റഡുമായി കരാറിൽ എത്തിയതായി റിപ്പോർട്ടുകൾ. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. 15 മില്യൺ യൂറോയാണ് താരത്തിനായി ലീഡ്‌സ് യുണൈറ്റഡ് ബാഴ്സക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. 24-കാരനായ താരം ഉടൻ തന്നെ മെഡിക്കൽ പൂർത്തിയാക്കി ലീഡ്സിനൊപ്പം ചേരുമെന്നും ഗോൾ അറിയിച്ചിട്ടുണ്ട്.താരത്തിനായി രംഗത്ത് വന്ന പല ക്ലബുകളെയും പിന്തള്ളി കൊണ്ടാണ് ലീഡ്‌സ് താരത്തെ തങ്ങളുടെ തട്ടകത്തിലെത്തിക്കുന്നത്.വെസ്റ്റ് ഹാം, സതാംപ്റ്റൻ,ഇന്റർ മിലാൻ, എസി മിലാൻ എന്നിവരൊക്കെ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും മാഴ്‌സെലോ ബിയൽസ താരത്തെ റാഞ്ചുകയായിരുന്നു.

സാമ്പത്തികപ്രതിസന്ധി മൂലമാണ് താരങ്ങളെ വിൽക്കാൻ ബാഴ്സ നിർബന്ധിതരാവുന്നത്.ജീൻ ക്ലെയർ ടോഡിബോ, മാത്യൂസ് ഫെർണാണ്ടസ് എന്നിവരെ ഒഴിവാക്കിയതിന് പിന്നാലെയാണ് ജൂനിയർ ഫിർപ്പോയെയും ബാഴ്‌സ കൈവിടുന്നത്. ട്രാൻസ്ഫർ ഫീയുടെ 15 ശതമാനം താരത്തിന്റെ മുൻ ക്ലബായ റയൽ ബെറ്റിസിന് ബാഴ്‌സ നൽകേണ്ടി വരും.ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം 2019-ലാണ് റയൽ ബെറ്റിസിൽ നിന്നും ബാഴ്‌സയിൽ എത്തിയത്.എന്നാൽ വേണ്ടത്ര അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. രണ്ട് സീസണുകളിൽ നിന്നായി 41 മത്സരങ്ങൾ താരം ബാഴ്സക്കായി കളിച്ചിട്ടുണ്ട്.22 തവണയാണ് ഇതുവരെ ബാഴ്സക്ക് വേണ്ടി ആദ്യഇലവനിൽ ഇടം നേടിയിട്ടുള്ളത്.പ്രത്യേകിച്ച് ഈ കഴിഞ്ഞ സീസണിലാണ് താരത്തിന് അവസരങ്ങൾ കുറഞ്ഞത്. റൊണാൾഡ് കൂമാന് കീഴിൽ കേവലം 7 മത്സരങ്ങൾ മാത്രമാണ് ഫിർപ്പോ കളിച്ചിട്ടുണ്ട്. ബിയൽസക്ക് കീഴിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!