മെസ്സിക്ക്‌ വേണ്ടി എംബപ്പേ പിഎസ്ജിയിൽ നിന്ന് പുറത്താവുമോ? പോച്ചെട്ടിനോ പറയുന്നു!

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സയുമായി കരാർ പുതുക്കില്ല എന്ന വാർത്ത ഫുട്ബോൾ ലോകത്ത് വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. ഇതേതുടർന്ന് മെസ്സി ഏത് ക്ലബ്ബിൽ കളിക്കും എന്നുള്ളതാണ് ആരാധകർക്ക്‌ മുന്നിലുള്ള വലിയ ചോദ്യം. വമ്പൻമാരായ പിഎസ്ജിക്കും സിറ്റിക്കുമാണ് മെസ്സി ലഭിക്കാനുള്ള സാധ്യതകൾ കൽപ്പിക്കപ്പെടുന്നതെങ്കിലും പിഎസ്ജിയാണ് നിലവിൽ മുമ്പിലുള്ളത്. ഇപ്പോഴിതാ മെസ്സിയെ സൈൻ ചെയ്യാൻ വേണ്ടി പിഎസ്ജി ശ്രമിക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പരിശീലകനായ പോച്ചെട്ടിനോ. ലീഗ് വണ്ണിലെ ആദ്യ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് പോച്ചെട്ടിനോ ഇക്കാര്യം സ്ഥിരീകരിച്ചത്.

“ഇത്തരത്തിലുള്ള താരങ്ങളെ പറ്റി സംസാരിക്കുമ്പോൾ, നമ്മുടെ മുമ്പിൽ സമയവും അവസരവുമുണ്ട്.ഞാൻ ഇതുവരെ മെസ്സിയുമായി സംസാരിച്ചിട്ടില്ല.പക്ഷേ ക്ലബ് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.മുന്നിലുള്ള എല്ലാ സാധ്യതകളും ഞാൻ വിശകലനം ചെയ്യുന്നുണ്ട്. പക്ഷേ ഇപ്പോൾ ഞങ്ങൾ ട്രോയെസിനെതിരെയുള്ള മത്സരത്തിൽ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. അതേസമയം തന്നെ ഈ ട്രാൻസ്ഫർ ജാലകത്തിലും ശ്രദ്ധ വേണം.എന്തെന്നാൽ ഈ സീസണിൽ ഞങ്ങൾ ലക്ഷ്യം വെച്ചിരിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കാൻ വേണ്ടി ടീമിനെ ഇമ്പ്രൂവ് ചെയ്യിക്കേണ്ടതുണ്ട്.മെസ്സിയുടെ കാര്യത്തിലേക്ക് വന്നാൽ,എന്താണ് കഴിഞ്ഞ ദിവസം സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാം.അതിൽ നിന്നും വ്യത്യസ്ഥമായി ഒന്ന് തന്നെ ഞാൻ പറയുന്നില്ല.ഏതായാലും ഞങ്ങൾ ഇപ്പോൾ ഈ സീസൺ നല്ല രൂപത്തിൽ തുടങ്ങുന്നതിലാണ് ശ്രദ്ധ നൽകുന്നത് ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.

മെസ്സിയെ ടീമിൽ എത്തിക്കാൻ എല്ലാ സാധ്യതകളും പിഎസ്ജി നോക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്. അതേസമയം മെസ്സിക്ക് വേണ്ടി എംബപ്പേ പിഎസ്ജിയിൽ നിന്നും പുറത്താവുമോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് പോച്ചെട്ടിനോ മറുപടി പറഞ്ഞത്. ചുരുക്കത്തിൽ എംബപ്പേയെ നിലനിർത്താനും മെസ്സിയെ ടീമിൽ എത്തിക്കാനും പിഎസ്ജി ശ്രമിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!