നോർത്ത് Vs സൗത്ത് മത്സരം വേണമെന്ന് ചെൽസി ഉടമസ്ഥൻ, പരിഹസിച്ച് വിട്ട് ക്ലോപ്!

ഈയിടെയായിരുന്നു അമേരിക്കക്കാരനായ ടോഡ് ബോഹ്ലി ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയുടെ ഉടമസ്ഥത ഏറ്റെടുത്തത്.കുറച്ച് മുമ്പ് അദ്ദേഹം പരിശീലകനായ ടുഷെലിനെ പുറത്താക്കുകയും ചെയ്തിരുന്നു. മാത്രമല്ല പുതിയ ഒരു കളി രീതി അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അതായത് ഇംഗ്ലണ്ടിലെ നോർത്തേൺ ടീമുകളും സതേൺ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന ഒരു ഓൾ സ്റ്റാർ ലീഗ് സംഘടിപ്പിക്കണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. അത് ഇംഗ്ലീഷ് ഫുട്ബോളിന് ഗുണം ചെയ്യുമെന്നും ഇദ്ദേഹം നിർദ്ദേശിച്ചിരുന്നു.

എന്നാൽ ഇതിനെ പരിഹസിച്ചു കൊണ്ട് ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് രംഗത്ത് വന്നിട്ടുണ്ട്. ഇംഗ്ലണ്ടിലേക്ക് വന്ന ഉടനെ തന്നെ നിർദ്ദേശങ്ങളൊക്കെ നൽകി തുടങ്ങിയെന്നും ഇത് അമേരിക്കയല്ല എന്നുമാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.മാത്രമല്ല അമേരിക്കൻ ബാസ്ക്കറ്റ്ബോൾ ടീമിനെ കൂടി ഇതിൽ ഉൾപ്പെടുത്താൻ ഇനി അദ്ദേഹം പറയുമോ എന്നുള്ളത് താൻ ഭയപ്പെടുന്നുണ്ടെന്നും ക്ലോപ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ടോഡ് ബോഹ്ലി ഇത് പറയാൻ കൂടുതൽ കാത്തിരുന്നില്ല.വന്ന ഉടനെ തന്നെ അദ്ദേഹം ഇതൊക്കെ പറയാൻ തുടങ്ങി.ഇനിയിപ്പോ വേണമെങ്കിൽ അദ്ദേഹത്തിന് ഒരു തീയതി കണ്ടെത്തി എന്നെ വിളിക്കാം.ഇത് അമേരിക്ക ഒന്നുമല്ല,ഇവിടെ കാര്യങ്ങൾ വ്യത്യസ്തമാണ്, അവിടെ അമേരിക്കയിൽ താരങ്ങൾക്ക് നാലുമാസത്തോളം ബ്രേക്ക് ലഭിക്കുന്നുണ്ട്. ഇനിയിപ്പോ അമേരിക്കൻ ബാസ്ക്കറ്റ്ബോൾ ടീമായ ഹാർലം ഗ്ലോബെട്രോട്ടേഴ്സിനെ ഇതിൽ ഉൾപ്പെടുത്താൻ അദ്ദേഹം പറയുമോ എന്നുള്ളതാണ് എന്റെ പേടി ” ഇതാണ് ചെൽസി ഉടമസ്ഥനെ പരിഹസിച്ചുകൊണ്ട് ക്ലോപ് പറഞ്ഞിട്ടുള്ളത്.

ഏതായാലും ഈ സീസണിൽ ഒരു ബുദ്ധിമുട്ടേറിയ തുടക്കമാണ് ഇരു ടീമുകൾക്കും ലഭിച്ചിട്ടുള്ളത്. നിലവിൽ പ്രീമിയർ ലീഗിൽ ചെൽസി ആറാം സ്ഥാനത്തും ലിവർപൂൾ ഏഴാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *