ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ : മിന്നും പ്രകടനത്തിന് ശേഷം സലായെ പുകഴ്ത്തി ക്ലോപ്

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ടോട്ടൻഹാമിനെ പരാജയപ്പെടുത്താൻ ലിവർപൂളിന് സാധിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈ മത്സരത്തിൽ ലിവർപൂൾ വിജയിച്ചിട്ടുള്ളത്. സൂപ്പർ താരം മുഹമ്മദ് സലായുടെ ഇരട്ട ഗോളുകളാണ് ലിവർപൂളിന് ഈ വിജയം സമ്മാനിച്ചിട്ടുള്ളത്. ഇതോടുകൂടി ഈ സീസണിൽ ആകെ 14 ഗോളുകൾ പൂർത്തിയാക്കാൻ സലാക്ക് സാധിച്ചിട്ടുണ്ട്.

ഈ മത്സരത്തിനുശേഷം ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് സലായെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.ചരിത്രത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാൾ എന്നാണ് ക്ലോപ് സലായെ വിശേഷിപ്പിച്ചിട്ടുള്ളത്.സലായുടെ നമ്പറുകൾ മാരകമാണെന്നും ക്ലോപ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” സീസണിന്റെ ആരംഭത്തിൽ ഒരു പതിഞ്ഞ തുടക്കമാണ് അദ്ദേഹത്തിന് ലഭിച്ചതെങ്കിലും യൂറോപ്പിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ഒരുക്കിയ താരങ്ങളിൽ സലായുണ്ട്. ഒരു സ്ട്രൈക്കറെ സംബന്ധിച്ചിടത്തോളം ഇതൊരു നോർമൽ ഘട്ടമാണ്. പക്ഷേ അവസാനത്തെ കുറച്ചു വർഷങ്ങൾ എടുത്തു പരിശോധിക്കുകയാണെങ്കിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായാണ് അദ്ദേഹം ഓർമിക്കപ്പെടുക.സലായുടെ നമ്പറുകൾ അമ്പരപ്പിക്കുന്നതും മാരകവുമാണ്. എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് അദ്ദേഹം രണ്ട് ഗോളുകൾ നേടിയതും അതുപോലെതന്നെ ഒരു ടീം പ്ലെയർ ആയി കളിച്ചതുമാണ്. പതിഞ്ഞ തുടക്കമാണെങ്കിലും അദ്ദേഹം ആരാണ് എന്നുള്ളത് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.സലായുടെ കാര്യത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. അദ്ദേഹത്തിന്റെ പ്രകടനവും ആറ്റിട്യൂഡും അത്ഭുതകരമാണ് ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.

ഈ വിജയം ലിവർപൂളിന് ഒരല്പം ആശ്വാസം നൽകുന്നതാണെങ്കിലും പോയിന്റ് ടേബിളിൽ അധികമൊന്നും മുന്നേറാൻ ലിവർപൂളിന് സാധിച്ചിട്ടില്ല. നിലവിൽ 19 പോയിന്റ് ഉള്ള ലിവർപൂൾ എട്ടാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!