കിരീടം നിലനിർത്തൽ ലക്ഷ്യമിട്ട് റയലും യുവന്റസും ഇന്നിറങ്ങുന്നു, പ്രീമിയർ ലീഗിലിന്ന് തീപ്പാറും പോരാട്ടം!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് തീപ്പാറും പോരാട്ടമാണ് നടക്കാനിരിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളും പുത്തൻ താരങ്ങളുമായി വരുന്ന ചെൽസിയുമാണ് ഇന്ന് ശക്തി പരീക്ഷിക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം ഒമ്പത് മണിക്കാണ് മത്സരം അരങ്ങേറുക. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിലാണ് മത്സരം നടക്കുക. ഇരുടീമുകളും ജയം മാത്രം ലക്ഷ്യമിട്ടാണ് കളത്തിലേക്കിറങ്ങുന്നത്. ആദ്യ മത്സരത്തിൽ വിജയക്കൊടി പാറിച്ചാണ് ക്ലോപിന്റെ സംഘവും ലംപാർഡിന്റെ പടയും ഇന്ന് മാറ്റുരക്കാൻ എത്തുന്നത്. ആയതിനാൽ തന്നെ തീപ്പാറും പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കായ് ഹാവേർട്സ്, ടിമോ വെർണർ എന്നിവർക്കൊപ്പം തിയാഗോ സിൽവ ഇന്ന് കളിക്കുമോ എന്നാണ് ആരാധകർ നോക്കുന്നത്. അതേ സമയം ലിവർപൂളിൽ തിയാഗോ അൽകാൻട്ര ഇന്ന് അരങ്ങേറ്റം കുറിക്കുമോ എന്നും ആരാധകർ ഉറ്റുനോക്കുന്ന ഒന്നാണ്.

അതേ സമയം സിരി എയിലും ലാലിഗയിലും നിലവിലെ ചാമ്പ്യൻമാർ ഇന്ന് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഇന്നത്തെ പോരാട്ടത്തിൽ റയൽ സോസിഡാഡാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ. സോസിഡാഡിന്റെ മൈതാനത്ത് വെച്ച് ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30 നാണ് മത്സരം നടക്കുക. സൂപ്പർ താരങ്ങൾ എല്ലാം തന്നെ ഇന്ന് ബൂട്ടണിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോണിൽ നിന്ന് തിരിച്ചെത്തിയ ഒഡീഗാർഡ് ഇന്ന് സിദാന്റെ ഇലവനിൽ സ്ഥാനം പിടിക്കുമോ എന്നാണ് റയൽ ആരാധകർ നോക്കുന്നത്. ജയത്തോടെ തുടങ്ങാൻ തന്നെയാണ് സിദാനും സംഘവും ഒരുങ്ങുന്നത്. അതേ സമയം സിരി എയിൽ പരിശീലകവേഷത്തിൽ പിർലോ അരങ്ങേറ്റത്തിന് ഒരുങ്ങുക. സാംപഡോറിയയാണ് യുവന്റസിന്റെ എതിരാളികൾ. യുവന്റസിന്റെ സ്വന്തം മൈതാനത്ത് വെച്ച് ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15 നാണ് മത്സരം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുവന്റസിന്റെ പ്രതീക്ഷ. അതേ സമയം ദിബാല, അലക്സ് സാൻഡ്രോ, ഡിലൈറ്റ് എന്നിവർക്ക് പരിക്ക് മൂലം മത്സരം നഷ്ടമായേക്കും എന്നാണ് റിപ്പോർട്ടുകൾ. ബാഴ്സയിൽ നിന്ന് എത്തിയ ആർതർ ഒരുപക്ഷെ ലീഗിൽ നിന്ന് അരങ്ങേറ്റം കുറിച്ചേക്കും. ജയിച്ചു കൊണ്ട് തുടങ്ങാൻ തന്നെയാണ് പിർലോയും സംഘവും ഇന്ന് ബൂട്ടണിയുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!