കാസമിറോ യുണൈറ്റഡ് വിട്ടേക്കും,സൗദിയിലേക്ക്?

കഴിഞ്ഞ വർഷത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രസീലിയൻ സൂപ്പർ താരമായ കാസമിറോയെ റയൽ മാഡ്രിഡിൽ നിന്നും സ്വന്തമാക്കിയത്.70 മില്യൺ യൂറോയാണ് അദ്ദേഹത്തിന് വേണ്ടി ചിലവഴിച്ചത്.കഴിഞ്ഞ സീസണിൽ മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം കളിച്ചിരുന്നു.എന്നാൽ ഈ സീസണിൽ അങ്ങനെയല്ല.കാസമിറോക്ക് മികവിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല.

അതിന്റെ പ്രധാനപ്പെട്ട കാരണം താരത്തെ പിടികൂടുന്ന പരിക്കുകൾ തന്നെയാണ്.പരിക്ക് കാരണം കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് ഈ സീസണിൽ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിട്ടുള്ളത്.മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനം അദ്ദേഹത്തെ മനം മടുപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിനോട് വിട പറയാൻ കാസമിറോ ആലോചിക്കുന്നുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ ബ്രസീലിയൻ സൂപ്പർ താരം സൗദി അറേബ്യയിലേക്ക് എത്താനുള്ള സാധ്യതകൾ കൂടുതലാണ്. സൗദിയിൽ നിന്നും ഓഫറുകൾ വന്നാൽ അത് പരിഗണിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. നിലവിൽ സൗദി ക്ലബ്ബുകൾ താരത്തിന് ഓഫറുകൾ നൽകിയിട്ടില്ലെങ്കിലും ജനുവരിയിൽ താരത്തെ സമീപിച്ചേക്കും.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ താരത്തിന് വേണ്ടി ശ്രമിക്കുമെന്നുള്ള റൂമറുകൾ സജീവമാണ്. ഏതായാലും ജനുവരിയിൽ അദ്ദേഹത്തിന് ഓഫറുകൾക്ക് പഞ്ഞമൊന്നും ഉണ്ടാവില്ല.നിരവധി ബ്രസീലിയൻ സൂപ്പർ താരങ്ങൾ ഇപ്പോൾ ഉള്ളത് സൗദി അറേബ്യയിലാണ്.

നെയ്മറും ഫിർമിഞ്ഞോയും ഫാബിഞ്ഞോയും മാൽക്കവുമെല്ലാം ഇപ്പോൾ സൗദി അറേബ്യയുടെ താരങ്ങളാണ്. ആ വഴി പിന്തുടരാൻ തന്നെയാണ് കാസമിറോയും ആലോചിക്കുന്നത്. ദീർഘകാലം റയൽ മാഡ്രിഡിൽ തുടർന്ന കാസമിറോ ക്ലബ്ബിനോടൊപ്പം നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. യൂറോപ്പിൽ ഇനി പ്രത്യേകിച്ച് ഒന്നും തെളിയിക്കാൻ ഇല്ലാത്തതിനാൽ അദ്ദേഹം ഏഷ്യയെ ഗൗരവമായി കൊണ്ട് തന്നെ പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!