എല്ലാവരും പേടിച്ചിരുന്നത് ക്രിസ്റ്റ്യാനോയെ, ആരും യുണൈറ്റഡിനെ പേടിച്ചിരുന്നില്ല: ചോദ്യം ചെയ്ത് ആൻഡേഴ്സൺ!

2021ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് തന്നെ മടങ്ങിവന്നത്. 18 മാസക്കാലമാണ് അദ്ദേഹം ക്ലബ്ബിനകത്ത് തുടർന്നത്. 54 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളും നേടി. പിന്നീട് വിവാദങ്ങളെ തുടർന്ന് അദ്ദേഹത്തിന് ക്ലബ്ബ് വിടേണ്ടി വരുകയായിരുന്നു.യുണൈറ്റഡ് വിട്ട ശേഷവും മാസ്മരിക പ്രകടനമാണ് റൊണാൾഡോ നടത്തിയത്.

54 ഗോളുകൾ നേടി കൊണ്ട് 2023 എന്ന കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. എന്നാൽ യുണൈറ്റഡ് പരിതാപകരമായ അവസ്ഥ തുടരുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെ വിട്ടുകളഞ്ഞ പ്രവർത്തിയെ അവരുടെ മുൻ താരമായ ആൻഡേഴ്സൺ ചോദ്യം ചെയ്തിട്ടുണ്ട്. എല്ലാവരും പേടിച്ചിരുന്നത് ക്രിസ്റ്റ്യാനോയെ ആയിരുന്നുവെന്നും ആരും തന്നെ യുണൈറ്റഡിനെ പേടിച്ചിരുന്നില്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ആൻഡേഴ്സന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തിരിച്ചുവന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു.അദ്ദേഹത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കായിരുന്നു. കഴിഞ്ഞ വർഷം 50 ഗോളുകളാണ് റൊണാൾഡോ നേടിയത്. അത് സൗദിയിൽ അല്ലേ എന്ന് പലരും വിലകുറച്ച് കാണുന്നത് കണ്ടു. പക്ഷേ 3 അവസരങ്ങൾ ലഭിച്ചാൽ അതിൽ രണ്ട് അവസരങ്ങളും ഗോളാക്കി മാറ്റുന്ന താരമാണ് റൊണാൾഡോ. അതൊരു യാഥാർത്ഥ്യമാണ്.അദ്ദേഹത്തിനെതിരെ കളിക്കുന്ന ഏതൊരു എതിരാളിയും പേടിക്കും. എല്ലാവരും പേടിച്ചിരുന്നത് അദ്ദേഹത്തെയായിരുന്നു.അല്ലാതെ ഈ യുണൈറ്റഡിനെ ആരും പേടിച്ചിരുന്നില്ല. 25 ഗോളുകൾ നേടി കൊണ്ടാണ് അദ്ദേഹം ക്ലബ്ബ് വിട്ടത് ” ഇതാണ് ആൻഡേഴ്സൺ പറഞ്ഞിട്ടുള്ളത്.

ക്ലബ്ബിനെതിരെയും പരിശീലകൻ എറിക് ടെൻ ഹാഗിനെതിരെയും പരസ്യമായി വിമർശനങ്ങൾ ഉയർത്തിയതിനെ തുടർന്നായിരുന്നു റൊണാൾഡോക്ക് ക്ലബ്ബ് വിടേണ്ടിവന്നത്. തുടർന്ന് സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാൾഡോ വലിയ ഇമ്പാക്ട് തന്നെ അവിടെ സൃഷ്ടിച്ചു.അതേസമയം യുണൈറ്റഡ് ഇപ്പോഴും സ്ഥിരതയില്ലാത്ത പ്രകടനമാണ് നടത്തുന്നത്.ഇടയ്ക്കിടെ തോൽവികൾ അവർക്ക് വഴങ്ങേണ്ടി വരുന്നുണ്ട്.ചാമ്പ്യൻസ് ലീഗിൽ നിന്നും അവസാന സ്ഥാനക്കാരായി കൊണ്ടാണ് അവർ പുറത്തായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!