നിലവിലെ ഏറ്റവും മികച്ച താരങ്ങൾ അവർ രണ്ടുപേരും: ലെവന്റോസ്ക്കി പറയുന്നു!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ജൂഡ് ബെല്ലിങ്ങ്ഹാം റയൽ മാഡ്രിഡിൽ എത്തിയത്. പിന്നീട് ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഈ മിഡ്‌ഫീൽഡർ നടത്തിയത്. നിലവിൽ ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം ബെല്ലിങ്ങ്ഹാമാണ്. അതേസമയം മറ്റൊരു സൂപ്പർതാരമായ കിലിയൻ എംബപ്പേയും പതിവുപോലെ മികച്ച പ്രകടനമാണ് ഈ സീസണിൽ നടത്തുന്നത്. അദ്ദേഹത്തിന്റെ മികവിൽ പിഎസ്ജി ഇപ്പോൾ കുതിക്കുകയാണ്.

ഈ രണ്ടു താരങ്ങളെ കുറിച്ചും ബാഴ്സ സൂപ്പർ താരമായ റോബർട്ട് ലെവന്റോസ്ക്കി സംസാരിച്ചിട്ടുണ്ട്. അതായത് നിലവിലെ ഏറ്റവും മികച്ച താരങ്ങൾ എംബപ്പേയും ബെല്ലിങ്ങ്ഹാമുമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇത്തവണത്തെ ബാലൺഡി’ഓർ ഈ രണ്ടുപേരിൽ ആരെങ്കിലും നേടാനുള്ള സാധ്യതയുണ്ടെന്നും ലെവ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“ബാലൺഡി’ഓർ പുരസ്കാരം ആരാണ് നേടുക എന്നത് ഇപ്പോൾ തന്നെ പറയുക ബുദ്ധിമുട്ടാണ്. കാരണം യുറോ കപ്പ് ഇനിയും നടക്കാനുണ്ട്.മാത്രമല്ല ചാമ്പ്യൻസ് ലീഗിലെ നിർണായകമായ മത്സരങ്ങളാണ് വരാനിരിക്കുന്നത്.ഇതിനൊക്കെ ശേഷം മാത്രമാണ് വ്യക്തമായ ഒരു ധാരണ നമുക്ക് കിട്ടുക. പക്ഷേ നിലവിൽ ലോകത്ത് ഏറ്റവും മികച്ച താരങ്ങൾ കിലിയൻ എംബപ്പേയും ജൂഡ് ബെല്ലിങ്ങ്ഹാമുമാണ്. ഇവർക്ക് തന്നെയാണ് സാധ്യതകൾ കൽപ്പിക്കപ്പെടുന്നത് ” ഇതാണ് റോബർട്ട് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ എംബപ്പേ തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ട്. മറ്റൊരു സൂപ്പർതാരമായ എൻഡ്രിക്കും അടുത്ത സീസണിൽ തന്നെയാണ് ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്യുക.എംബപ്പേയും ബെല്ലിങ്ങ്ഹാമും വിനീഷ്യസും എൻഡ്രിക്കുമൊക്കെ ഒന്നിക്കുമ്പോൾ റയൽ മാഡ്രിഡ് കൂടുതൽ ശക്തരാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!