സിറ്റിയുടെ രക്ഷകരായി ജീസസും സിൽവയും, കെയ്ൻ മികവിൽ ടോട്ടൻഹാം
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റി ബേൺമൗത്തിനെ തകർത്തു വിട്ടത്. ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ ഡേവിഡ് സിൽവയാണ് വിജയശില്പി. മത്സരത്തിന്റെ ആറാം മിനുട്ടിൽ ആണ് സിൽവക്ക് സിറ്റിക്ക് ലീഡ് നേടിക്കൊടുത്തത്. ഒരു തകർപ്പൻ ഫ്രീകിക്കിലൂടെയായിരുന്നു ഗോൾ പിറന്നത്. 39-ആം മിനുട്ടിൽ ജീസസ് ലീഡുയർത്തി. സിൽവയുടെ പാസ് സ്വീകരിച്ച താരം എതിർതാരങ്ങളെ കബളിപ്പിച്ച് നിറയൊഴിച്ച് ലക്ഷ്യം കാണുകയായിരുന്നു. എന്നാൽ മത്സരം അവസാനിക്കാനിരിക്കെ ബേൺമൗത്ത് ഒരു ഗോൾ മടക്കി. വിൽസണിന്റെ പാസിൽ നിന്ന് ഡേവിഡ് ബ്രൂക്ക്സ് ആയിരുന്നു ഗോൾ നേടിയത്. ജയത്തോടെ സിറ്റി മറ്റൊരു മൂന്ന് പോയിന്റുകൾ കൂടി പോക്കറ്റിലാക്കി. 36 മത്സരങ്ങളിൽ നിന്ന് 75 പോയിന്റായി സിറ്റിയുടെ സമ്പാദ്യം. അതേ സമയം ബേൺമൗത്ത് തരംതാഴ്ത്തൽ ഭീഷണിയിൽ ആണ്. കേവലം മുപ്പത്തിയൊന്ന് പോയിന്റുകൾ മാത്രമാണ് അവർക്കുള്ളത്.
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മൊറീഞ്ഞോക്കും കൂട്ടർക്കും ജയം. ന്യൂകാസിൽ യുണൈറ്റഡിനെയാണ് ടോട്ടൻഹാം തകർത്തു വിട്ടത്. 3-1 എന്ന സ്കോറിനായിരുന്നു ടോട്ടൻഹാമിന്റെ ജയം. ഇരട്ടഗോളുകൾ നേടിയ ഹാരി കെയ്ൻ ആണ് സ്പർസിന്റെ വിജയശില്പി. 60, 90 മിനിറ്റുകളിൽ ആണ് കെയ്ൻ ഗോളുകൾ കണ്ടെത്തിയത്. രണ്ടു ഗോളുകളും നേടിയത് തകർപ്പൻ ഹെഡറുകളിലൂടെയായിരുന്നു. സ്പർസിന്റെ ആദ്യഗോൾ സണ്ണിന്റെ വകയായിരുന്നു. മാറ്റ് റിച്ചിയാണ് ന്യൂകാസിലിന്റെ ആശ്വാസഗോൾ നേടിയത്. ജയത്തോടെ യൂറോപ ലീഗ് പ്രതീക്ഷകൾ നിലനിർത്താൻ മൊറീഞ്ഞോക്ക് കഴിഞ്ഞു. 36 മത്സരങ്ങളിൽ നിന്ന് 55 പോയിന്റോടെ ഏഴാം സ്ഥാനത്താണ് ടോട്ടൻഹാം.