സിറ്റിയുടെ നാലടിയിൽ ലിവർപൂൾ തവിടുപൊടി

നിലവിലെ ചാമ്പ്യൻമാരെന്ന തലയെടുപ്പോടെ കളത്തിലേക്കിറങ്ങിയ ലിവർപൂളിന് സിറ്റിയുടെ വക ഇരുട്ടടി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ക്ലോപിനെയും സംഘത്തെയും പെപ്പിന്റെ കുട്ടികൾ തുരത്തിയോടിച്ചത്. ആദ്യപകുതിയിൽ തന്നെ മൂന്ന് ഗോളുകൾ വഴങ്ങിയ ലിവർപൂൾ തോൽവിയുറപ്പിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ കടുത്ത ആക്രമണത്തിൽ ലിവർപൂളിന്റെ പേരുകേട്ട പ്രതിരോധനിരയും ഗോൾ ആലിസൺ ബക്കറും നിസ്സഹായരായി പോവുകയായിരുന്നു. ഗോളും അസിസ്റ്റുകളുമായി തിളങ്ങിയ ഡിബ്രൂയിൻ, ഫോഡൻ, സ്റ്റെർലിങ് എന്നിവരാണ് വിജയത്തിൽ നിർണായകപങ്ക് വഹിച്ചത്. ലിവർപൂളിന്റെ ആക്രമണത്രയത്തിന് ഒരിക്കൽ പോലും വെല്ലുവിളിയുയർത്താൻ സാധിച്ചില്ല എന്നുള്ളത് ക്ലോപ്പിന് തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. കിരീടനേട്ടത്തിലും നാണക്കേടായി മാറിയിരിക്കുകയാണ് രണ്ടാം സ്ഥാനക്കാരോടുള്ള ഈ നാണം കെട്ട തോൽവി. ഈ ലീഗിൽ ലിവർപൂൾ വഴങ്ങുന്ന രണ്ടാമത്തെ തോൽവിയാണിത്. ഇതോടെ ലിവർപൂളുമായുള്ള പോയിന്റ് അകലം സിറ്റി ഇരുപതാക്കി കുറച്ചു.

മാനേ-സലാഹ്-ഫിർമിഞ്ഞോ ത്രയത്തിന് എതിരാളികളായി ഫോഡൻ-ജീസസ്-സ്‌റ്റെർലിംഗ്‌ എന്നീ ത്രയത്തെയാണ് പെപ് നിയോഗിച്ചാത്. മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനിറ്റിൽ ആണ് ആദ്യഗോൾ വന്നത്. സ്റ്റെർലിംഗിനെ ഫൗൾ ചെയ്തതതിന് ലഭിച്ച പെനാൽറ്റി ഡിബ്രൂയൻ ലക്ഷ്യത്തിലെത്തിച്ചു. 35-ആം മിനുട്ടിൽ വീണ്ടും ഗോൾ വന്നു. ഇത്തവണ സ്റ്റെർലിങ്ങിന്റെ ഊഴമായിരുന്നു. ഫോഡന്റെ പാസ്സ് സ്വീകരിച്ച താരം ആലിസണിനെ കീഴടക്കി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് ഫോഡനും ലക്ഷ്യം കണ്ടു. ഗോളിന് വഴിയൊരുക്കിയത് ഡിബ്രൂയിൻ ആയിരുന്നു. രണ്ടാം പകുതിയുടെ 66-ആം മിനുട്ടിലാണ് നാലാം ഗോൾ വരുന്നത്. സ്റ്റെർലിങ്ങിന്റെ ഷോട്ട് ആലിസണെ മറികടന്നെങ്കിലും ചേംബർലൈൻ തടയാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. താരത്തിന്റെ കാലുകളിൽ തട്ടി പന്ത് വലയിലേക്ക് തന്നെ പോവുകയായിരുന്നു. മത്സരം അവസാനിക്കുന്നതിന് തൊട്ട് മുൻപ് മഹ്റസ് അഞ്ചാം ഗോൾ നേടിയെങ്കിലും ഹാൻഡ് ബോൾ ഉണ്ടായത് കൊണ്ടു ഗോൾ അസാധുവാക്കി.

Leave a Reply

Your email address will not be published. Required fields are marked *