റയൽ, ലിവർപൂൾ, ഇന്റർ.വമ്പൻമാർ ഇന്ന് കളത്തിൽ

ഫുട്ബോൾ ലോകത്ത് ഇന്ന് സൂപ്പർ സൺ‌ഡേ. വമ്പൻമാരായ റയൽ മാഡ്രിഡ്‌, ലിവർപൂൾ, ഇന്റർമിലാൻ, ചെൽസി എന്നിവരെല്ലാം തന്നെ ഇന്ന് കളത്തിലേക്കിറങ്ങുന്നുണ്ട്. ലാലിഗയിൽ ഇന്ന് റയലിന് വളരെ നിർണായകമായ ഒരു മത്സരമാണ്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനുള്ള സുവർണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം ഒന്നേ മുപ്പതിന് നടക്കുന്ന മത്സരത്തിൽ റയൽ സോസിഡാഡാണ് റയലിന്റെ എതിരാളികൾ. കഴിഞ്ഞ ദിവസം ചിരവരികളായ ബാഴ്സ സെവിയ്യയോട് ഗോൾരഹിത സമനില വഴങ്ങിയതാണ് റയലിന് കൂടുതൽ കാര്യങ്ങൾ എളുപ്പമാക്കിയത്. ഇതോടെ ഇന്ന് നടക്കുന്ന മത്സരത്തിൽ മൂന്ന് ഗോളുകളിലധികം നേടി റയൽ വിജയിച്ചാൽ റയലിന് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ സാധിച്ചേക്കും. അത്കൊണ്ട് തന്നെ സിദാനും കൂട്ടരും മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സിരി എയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്റർ സാംപടോറിയയെ നേരിടും. ഇന്ന് രാത്രി ഇന്ത്യൻ സമയം ഒന്നേ പതിനഞ്ചിനാണ് മത്സരം. കഴിഞ്ഞ ദിവസം കോപ്പ ഇറ്റാലിയ സെമിയിൽ നിന്നും ഇന്റർ പുറത്തായിരുന്നു. സൂപ്പർ താരങ്ങളായ ലൗറ്ററോ, ലുക്കാക്കു എന്നിവർ കളത്തിലിറങ്ങിയേക്കും.

അതേ സമയം പ്രീമിയർ ലീഗിൽ കിരീടത്തിലേക്ക് ഒരുപടി കൂടി അടുക്കാനാണ് ലിവർപൂൾ ഇന്ന് ബൂട്ടണിയുന്നത്. പോയിന്റ് ടേബിളിൽ പന്ത്രണ്ടാമതുള്ള എവെർട്ടനാണ് ലിവർപൂളിന്റെ എതിരാളികൾ. ഇന്ന് രാത്രി പതിനൊന്നേ മുപ്പതിന് ലിവർപൂളിന്റെ മൈതാനത്ത് വെച്ചാണ് മത്സരം. സൂപ്പർ താരങ്ങളായ സലാഹ്, ഫിർമിഞ്ഞോ, മാനേ, വാൻ ഡൈക്ക്, ആലിസൺ എന്നിവരെല്ലാം തന്നെ കളത്തിലേക്കിറങ്ങിയേക്കും. ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ രണ്ടാം സ്ഥാനക്കാരായ സിറ്റിയുമായുള്ള ലീഡ് 25 ആക്കി ഉയർത്താനും സാധിക്കും. പ്രീമിയർ ലീഗിൽ ഇന്ന് നീലപ്പടയും കളത്തിലേക്കിറങ്ങുന്നുണ്ട്. ലംപാർഡിന്റെ കീഴിൽ ജയം മാത്രം ലക്ഷ്യമിട്ടാണ് ചെൽസി ആസ്റ്റൺ വില്ലക്കെതിരെ ബൂട്ടണിയുന്നത്. രാത്രി 8:45 ന് വില്ലയുടെ മൈതാനത്താണ് മത്സരം. നാലാം സ്ഥാനം നിലനിർത്തണമെങ്കിൽ ചെൽസിക്ക് ഇന്ന് ജയം അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *