സിദാനുമായി ഫോണിൽ സംസാരിച്ചതെന്ത്? ബെറ്റോണി വിശദീകരിക്കുന്നു!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ മിന്നുന്ന വിജയം കരസ്ഥമാക്കാൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. എതിരാളികളുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് റയൽ ഡിപോർട്ടിവോ അലാവസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ കരിം ബെൻസിമയും ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ഈഡൻ ഹസാർഡുമാണ് റയലിനെ മുന്നിൽ നിന്ന് നയിച്ചത്. എന്നാൽ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് ഇന്നലെ ഉണ്ടായിരുന്നത് സിനദിൻ സിദാൻ ആയിരുന്നില്ല. മറിച്ച് അദ്ദേഹത്തിന്റെ അസിസ്റ്റന്റായ ഡേവിഡ് ബെറ്റോണിയായിരുന്നു. കോവിഡ് ബാധിച്ച് ഐസൊലേഷനിൽ ആയ കാരണത്താലാണ് സിദാന് ഇന്നലത്തെ മത്സരത്തിൽ പരിശീലകസ്ഥാനത്ത് നിൽക്കാൻ കഴിയാതിരുന്നത്. എന്നിരുന്നാലും മികച്ച വിജയം സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു.

എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രചരിക്കുകയും ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ഒരു കാര്യമായിരുന്നു ഡേവിഡ് ബെറ്റോണി മത്സരത്തിനിടെ സിദാനെ ഫോൺ ചെയ്യുന്ന ദൃശ്യങ്ങൾ. സിദാനിൽ നിന്നും ഫോൺ വഴി ഉപദേശനിർദ്ദേശങ്ങൾ സ്വീകരിക്കുന്ന രംഗമായിരുന്നു ഇത്. എന്നാൽ തങ്ങൾ ഇരുവരും പരസ്പരം സംസാരിച്ചതെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ബെറ്റോണി. മത്സരത്തിൽ വരുത്തേണ്ട സബ്‌സ്ടിട്യൂഷനുകളെ കുറിച്ചാണ് തങ്ങൾ സംസാരിച്ചത് എന്നാണ് ബെറ്റോണി പറഞ്ഞത്.” സബ്സ്റ്റിട്യൂഷനുകൾ ആവശ്യമായ സമയത്ത് അദ്ദേഹത്തിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കാൻ ഞാൻ തീരുമാനിച്ചു. കാരണം അദ്ദേഹമാണ് ഇവിടുത്തെ ബോസ് ” ബെറ്റോണി ഇതേക്കുറിച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!