പ്രീമിയർ ലീഗ്: സീസണിൽ പിറന്ന 10 റെക്കോർഡുകൾ

2019/20 സീസണിലെ പ്രീമിയർ ലീഗ് മത്സരങ്ങൾ അവസാനിച്ചു. 99പോയിൻ്റുകൾ നേടി ലിവർപൂൾ ചാമ്പ്യന്മാരായ സീസണിനൊടുവിൽ നിരവധി റെക്കോർഡുകളാണ് പിറന്നത്. അവയിൽ സുപ്രധാനമായവ താഴെ ചേർക്കുന്നു:

  • 99 പോയിൻ്റുകൾ നേടിക്കൊണ്ടാണ് ലിവർപൂൾ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായത്. പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും അധികം പോയിൻ്റുകൾ നേടുന്ന രണ്ടാമത്തെ ടീമാണവർ. നേരത്തെ 2017/18 സീസണിൽ മാഞ്ചസ്റ്റർ സിറ്റി 100 പോയിൻ്റുകൾ നേടിയിരുന്നു.
  • പ്രീമിയർ ലീഗിൽ 32 മത്സരങ്ങളാണ് ലിവർപൂൾ ഇത്തവണ വിജയിച്ചത്. പ്രീമിർ ലീഗ് സീസണിൽ ഏറ്റവും അധികം വിജയങ്ങളുടെ റെക്കോർഡാണിത്. നേരത്തെ 2017/18 സീസണിലും 2018/19 സീസണിലും മാഞ്ചസ്റ്റർ സിറ്റി 32 മത്സരങ്ങൾ വിജയിച്ചിരുന്നു.
  • 23 ഗോളുകളുമായി ലെസ്റ്റർ സിറ്റിയുടെ ജെയ്മി വാർഡിയാണ് ഇത്തവണ ടോപ് സ്കോറർ ആയത്. 33 വയസ്സുണ്ട് അദ്ദേഹത്തിനിപ്പോൾ! പ്രീമിയർ ലീഗിൽ ടോപ് സ്കോറർ ആവുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറിയിരിക്കുകയാണ് വാർഡി. നേരത്തെ 2009/10 സീസണിൽ 32 വയസ്സുള്ളപ്പോൾ ടോപ് സ്കോറർ ആയ ദിദിയർ ദ്രോഗ്ബയുടെ റെക്കോർഡാണ് അദ്ദേഹം തകർത്തിരിക്കുന്നത്.
  • മാഞ്ചസ്റ്റർ സിറ്റിക്കായി 20 ഗോളുകളാണ് ഈ പ്രീമിയർ ലീഗ് സീസണിൽ റഹീം സ്റ്റേർലിംഗ് നേടിയത്. ബ്രിയാൻ കിഡ് 1976/77 സീസണിൽ നടത്തിയ ഗോൾ വേട്ടക്ക് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷ് താരം സിറ്റിക്ക് വേണ്ടി 20 ഗോളുകൾ നേടുന്നത്.
  • ഈ സീസണിൽ 20 അസിസ്റ്റുകളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയൻ സ്വന്തം പേരിൽ കുറിച്ചത്. ഇതോടെ 2002/03 സീസണിൽ തിയറി ഹെൻറി കുറിച്ച പ്രീമിയർ ലീഗ് റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് ഡി ബ്രൂയെൻ.
  • ലിസ്റ്റർ സിറ്റിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ബ്രൂണോ ഫെർണാണ്ടസ് എടുത്തത് ഈ സീസണിലെ അവരുടെ പതിനാലാമത്തെ പെനാൽറ്റി ആയിരുന്നു! ഇതോടെ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും അധികം പെനാൽറ്റി നേടിയ ടീമായി യുണൈറ്റഡ് മാറി.
  • 5 തുടർച്ചയായ പ്രീമിയർ ലീഗ് സ്റ്റാർട്ടുകളിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി ചെൽസിയുടെ ഒളിവർ ജിറൂദ് മാറി. താരത്തിനിപ്പോൾ 33 വയസ്സുണ്ട്. കഴിഞ്ഞ വർഷം 32 വയസ്സുള്ളപ്പോൾ ജെയ്മി വാർഡി കുറിച്ച റെക്കോർഡാണ് ജിറൂദ് തിരുത്തിയത്.
  • 5 പെനാൽറ്റികളാണ് ഈ സീസണിൽ ആഴ്സണലിൻ്റെ ഡേവിഡ് ലൂയിസ് വഴങ്ങിയത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ഒരു കളിക്കാരൻ ഇത്രയധികം പെനാൽറ്റികൾ വഴങ്ങുന്നത് ആദ്യമാണ്!
  • മാഞ്ചസ്റ്റർ സിറ്റി ഈ സീസണിൽ 102 ഗോളുകളാണ് നേടിയത്. ഇംഗ്ലീഷ് ടോപ് ഫ്ലൈറ്റിൽ ഇത് അഞ്ചാം തവണയാണ് അവർ 100 ഗോളുകൾ നേടുന്നത്. ഇതൊരു റെക്കോർഡാണ്. നേരത്തെ 1936-37, 1957-58, 2013-14, 2017-18 സീസണുകളിലും അവർ 100 ഗോളുകൾ നേടിയിട്ടുണ്ട്.
  • ഫ്രാങ്ക് ലാപാർഡിൻ്റെ കീഴിൽ ചെൽസി ഇത്തവണ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത് മാനേജർ എന്ന നിലയിൽ ലംപാർഡിൻ്റെ ആദ്യ സീസണാണ്. 1994-95 സീസണിൽ ഫ്രാങ്ക് ക്ലാർക്ക് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ മൂന്നാം സ്ഥാനത്ത് എത്തിച്ച ശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷുകാരനായ പരിശീലകൻ തൻ്റെ ആദ്യ സീസണിൽ ഇത്രയും ഉയർന്ന സ്ഥാനം നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *