പ്രീമിയർ ലീഗിൽ പരിശീലനം ആരംഭിക്കാൻ തീരുമാനമായി

അഭ്യൂഹങ്ങളും വ്യാജപ്രചരണങ്ങൾക്കും വിരാമമിട്ട് കൊണ്ട് പ്രീമിയർ ലീഗിൽ പരിശീലനം ആരംഭിക്കാൻ തീരുമാനമായി.ഇന്നലെ ക്ലബുകൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിലാണ് പരിശീലനം തുടങ്ങാൻ ക്ലബുകൾ ഐക്യകണ്ഠേന തീരുമാനിച്ചത്. ഇന്ന് മുതൽ ചെറിയ ഗ്രൂപ്പുകൾ ആയി പരിശീലനം തുടങ്ങാനാണ് തീരുമാനമായിരിക്കുന്നത്. ഇന്നലെ നടന്ന യോഗത്തിൽ നടത്തിയ വോട്ടെടുപ്പിൽ ഇരുപത് ടീമുകളും ലീഗ് പുനരാരംഭിക്കാൻ അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഇന്ന് പരിശീലനം നടത്താനുള്ള അനുമതി ലഭിച്ചത്.

” പ്രീമിയർ ലീഗിലെ ഷെയർഹോൾഡേഴ്‌സിന്റെ ഇടയിൽ നടത്തിയ വോട്ടെടുപ്പ് പ്രകാരം ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷം പരിശീലനം നടത്താൻ തീരുമാനിച്ചിരിക്കുന്നു.പ്രീമിയർ ലീഗ് ആരംഭിക്കാനുള്ള ആദ്യപടിയാണിത്. സോഷ്യൽ ഡിസ്റ്റൻസിങ്, മെഡിക്കൽ പ്രോട്ടോകോൾ എന്നിവ പാലിച്ചായിരിക്കും പരിശീലനം നടത്തുക. പ്രീമിയർ ലീഗിലെ എല്ലാവരുടെയും ആരോഗ്യത്തിനാണ് പ്രഥമപരിഗണന നൽകുന്നത്. താരങ്ങൾ, മാനേജേഴ്സ്, സ്റ്റാഫുകൾ എന്നിവർക്കെല്ലാം തന്നെ ആവിശ്യമായ ആരോഗ്യസുരക്ഷാനിർദേശങ്ങൾ നൽകും. അത് പാലിക്കാൻ അവർ ബാധ്യസ്ഥരായിരിക്കും ” പ്രീമിയർ ലീഗ് പുറത്തുവിട്ട കുറിപ്പിൽ പ്രസ്താവിച്ചു.

ആഴ്‌സണൽ പരിശീലകൻ മൈക്കൽ ആർട്ടറ്റക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് ശേഷം പ്രീമിയർ ലീഗിൽ മത്സരങ്ങൾ നടന്നിട്ടില്ല. ഇടക്കാലയളവിൽ ലീഗ് പുനരാരംഭിക്കാൻ ശ്രമങ്ങൾ തുടങ്ങിയിരുന്നുവെങ്കിലും ലീഗിലെ അവസാനസ്ഥാനക്കാർ ചിലർ നീരസം പ്രകടിപ്പിച്ചിരുന്നു. ബുണ്ടസ്ലിഗയും ലാലിഗയും സിരി എയുമൊക്കെ തിരിച്ചെത്താൻ തുടങ്ങിയതോടെ ഉടനെ തുടങ്ങാൻ പ്രീമിയർ ലീഗ് അധികൃതർ നിർബന്ധിതരാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *