തുടക്കത്തിൽ തന്നെ നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്, പൊരുതി ജയിച്ച് ലീഡ്‌സും ആഴ്സണലും !

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന തങ്ങളുടെ ആദ്യ പോരാട്ടത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് അടിതെറ്റി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ക്രിസ്റ്റൽ പാലസിനോട് മാഞ്ചസ്റ്റർ തകർന്നടിഞ്ഞത്.സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും അട്ടിമറി തോൽവി ഏറ്റുവാങ്ങാനായിരുന്നു യുണൈറ്റഡിന്റെ വിധി. അതേ സമയം അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടി കൊണ്ട് ഡോണി ബീക്ക് വരവറിയിച്ചു. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ തന്നെ പാലസ് ലീഡ് നേടിയിരുന്നു. ആൻഡ്രോസ് ടൌൺസെന്റാണ് ഗോൾ കണ്ടെത്തിയത്. തുടർന്ന് എഴുപത്തിനാലാം മിനുട്ടിൽ പാലസ് വീണ്ടും ഗോൾ കണ്ടെത്തുകയായിരുന്നു. ലഭിച്ച പെനാൽറ്റി വിൽഫ്രെഡ് സാഹ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാൽ പോഗ്ബക്ക് പകരക്കാരനായി ഇറങ്ങിയ ഡോണി ബീക്ക് ഒരു ഗോൾ മടക്കി. പക്ഷെ അത്കൊണ്ട് ഫലം കണ്ടില്ല. 85-ആം മിനുട്ടിൽ സാഹ ഒരു തവണ കൂടി വലകുലുക്കിയതോടെ യുണൈറ്റഡിന്റെ പ്രതീക്ഷകൾ തകർന്നടിഞ്ഞു.

അതേ സമയം ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ ലീഡ്‌സ് യൂണൈറ്റഡിന് ത്രസിപ്പിക്കുന്ന വിജയം. 4-3 എന്ന സ്കോറിനാണ് ഫുൾഹാമിനെ ലീഡ്‌സ് തകർത്തത്. ഒരു ഘട്ടത്തിൽ 4-1 ന് ജയം നേടുമെന്ന് തോന്നിച്ചുവെങ്കിലും രണ്ട് ഗോളുകൾ കൂടി തിരിച്ചടിച്ചു കൊണ്ട് ഫുൾഹാം ഭീഷണി ഉയർത്തി. എങ്കിലും പിന്നീട് ഗോൾവഴങ്ങാതെ ലീഡ്‌സ് പിടിച്ചു നിൽക്കുകയായിരുന്നു. ഹെൽഡർ കോസ്റ്റ ഇരട്ടഗോളുകൾ നേടിയപ്പോൾ ക്ലിച്ച്, ബാംഫോർഡ് എന്നിവരാണ് ഓരോ ഗോൾ നേടിയത്. മറുഭാഗത്ത് ഫുൾഹാമിന് വേണ്ടി മിട്രോവിച്ച് ഇരട്ടഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ ബോബിയുടെ വകയായിരുന്നു. ആദ്യ മത്സരത്തിൽ ലിവർപൂളിനോടായിരുന്നു ലീഡ്‌സ് തോറ്റിരുന്നത്. അതേ സമയം ലീഗിലെ തുടർച്ചയായ രണ്ടാം ജയം ആഴ്സണൽ സ്വന്തമാക്കി. വെസ്റ്റ്ഹാമിനെയാണ് 2-1 ന് ആഴ്സണൽ തോല്പിച്ചത്. ലാക്കസാട്ടെ, എഡ്വഡ് എന്നിവരാണ് ഗണ്ണേഴ്‌സിന്റെ ഗോളുകൾ നേടിയത്. ജയത്തോടെ ആറു പോയിന്റുകൾ നേടി ആഴ്സണൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *