ജീസസ് ഫോമിൽ, താരത്തെ പുകഴ്ത്തി പെപ് ഗ്വാർഡിയോള

ഈ ഇടക്കാലയളവിൽ മോശം ഫോമിന്റെ പേരിൽ ഏറെ പഴികേൾക്കേണ്ടി വന്ന താരമാണ് സിറ്റിയുടെ ബ്രസീലിയൻ സ്ട്രൈക്കെർ ഗബ്രിയേൽ ജീസസ്. ലീഗ് പുനരാരംഭിച്ച ശേഷം ഒട്ടുമിക്ക മത്സരങ്ങളിലും കളിക്കാൻ അവസരം ലഭിച്ച താരം ഗോൾ കണ്ടെത്താൻ നന്നായി വിഷമിച്ചിരുന്നു. സെർജിയോ അഗ്വേറൊ പരിക്കേറ്റ് പുറത്തായതിന് ശേഷം ഗോളടി ചുമതല പെപ് ഏല്പിച്ചിരുന്നത് ജീസസിനെയായിരുന്നു. എന്നാൽ ഫെബ്രുവരിയിൽ റയൽ മാഡ്രിഡിനെതിരായ മത്സരത്തിൽ ഗോൾ നേടിയ ശേഷം ഒരൊറ്റ ഗോൾ പോലും നേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. സിറ്റിയിലെ സഹതാരങ്ങൾ ഗോളടിച്ചു തകർക്കുമ്പോൾ മുഖ്യസ്ട്രൈക്കെർ ഗോളടിക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. എന്നാൽ കഴിഞ്ഞു ആഴ്ച്ച ന്യൂകാസിൽ യൂണൈറ്റഡിനെതിരായ മത്സരത്തിൽ ഗോൾ നേടികൊണ്ട് ഗോൾ വരൾച്ചയ്ക്ക് വിരാമമിട്ട താരം പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും ഓരോ ഗോൾ വീതം നേടി. കൂടാതെ ബ്രൈറ്റണിനെതിരെ രണ്ട് അസിസ്റ്റുകളും നേടി. താരം തന്റെ ഫോം വീണ്ടെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് പരിശീലകൻ പെപ് ഗ്വാർഡിയോള. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ജീസസിനെ പുകഴ്ത്തിയത്.

” ആദ്യത്തെ നാലോ അഞ്ചോ മത്സരങ്ങളിൽ അദ്ദേഹത്തിന് സ്കോർ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ അപ്പോഴെല്ലാം എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.ഞാൻ പലകുറി പറഞ്ഞതുമാണ്. അദ്ദേഹത്തിന് ഗോൾ കണ്ടെത്താൻ കഴിയുമെന്ന്. അദ്ദേഹം ഗോൾ നേടിയിട്ടില്ലെങ്കിലും താരത്തിന്റെ പ്രകടനത്തിൽ ഞങ്ങൾ സംതൃപ്തരായിരുന്നു. ഇപ്പോൾ കഴിഞ്ഞ മൂന്ന് മത്സരങ്ങൾ നോക്കൂ. മൂന്ന് ഗോളുകൾ അദ്ദേഹം നേടി. രണ്ട് അസിസ്റ്റുകളും. വളരെ നല്ല രീതിയിൽ ആണ് താരം കളിക്കുന്നത്. വ്യത്യസ്ഥമായ പൊസിഷനുകളിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയുന്നുണ്ട്. അത് ടീമിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ” പെപ് ഗ്വാർഡിയോള പറഞ്ഞു. ഇനി എഫ്എ കപ്പിൽ ആഴ്‌സണലിനെതിരെയാണ് സിറ്റിയുടെ മത്സരം. അത് കഴിഞ്ഞ് വാട്ട്ഫോർഡ്, നോർവിച്ച് എന്നിവർക്കെതിരെ പ്രീമിയർ ലീഗ് മത്സരങ്ങൾ ഉണ്ട്. പിന്നീട് ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിൽ റയലിനെ സിറ്റി നേരിടും.

Leave a Reply

Your email address will not be published. Required fields are marked *