ഓസിലിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു, താരത്തിന്റെ കാര്യത്തിലെ നിലപാട് മയപ്പെടുത്താൻ ആർട്ടെറ്റ !

സൂപ്പർ താരം മെസ്യൂട്ട് ഓസിലിന്റെ അവസ്ഥ ഓരോ ഫുട്ബോൾ ആരാധകർക്കും ദുഃഖമുണ്ടാക്കുന്ന ഒന്നാണ്. പ്രതിഭാധനനായ ഓസിൽ ഈ സീസണിൽ ഒരൊറ്റ മത്സരം പോലും ആഴ്‌സണലിന് വേണ്ടി കളിച്ചിട്ടില്ല എന്ന് മാത്രമല്ല കഴിഞ്ഞ മാർച്ചിന് ശേഷം പോലും ഒരൊറ്റ മത്സരം കളിച്ചിട്ടില്ല. ജർമ്മൻ ടീമിൽ നിന്നും പുറത്തായതിന് പിന്നാലെ മുപ്പത്തിയൊന്നുകാരനായ ഈ താരം ആഴ്‌സണലിന്റെ ബെഞ്ചിലിരുന്നു കൊണ്ട് നശിക്കുകയാണ്. താരത്തോട് ഈ ട്രാൻസ്ഫർ ജാലകത്തിൽ പരിശീലകൻ ആർട്ടെറ്റ ക്ലബ്‌ വിടാൻ പറഞ്ഞിരുന്നുവെങ്കിലും ഓസിൽ അത് തട്ടികളയുകയായിരുന്നു. ഗൾഫ് ക്ലബുകളിൽ നിന്നും ഓഫറുകൾ വന്നിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടില്ല. താരത്തിന് ഭീമമായ സാലറിയാണ് ആഴ്‌സണൽ നൽകികൊണ്ടിരിക്കുന്നത്. ഇത് ലാഭിക്കാം എന്ന കണക്കുകൂട്ടലിലാണ് ആർട്ടെറ്റ താരത്തോട് ക്ലബ് വിടാൻ പറഞ്ഞത്. എന്നാൽ ഈ വർഷം കൂടി കരാർ ബാക്കിയുള്ള താരം അതിന് വിസമ്മതിക്കുകയായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ കാര്യത്തിൽ നിലപാട് മയപ്പെടുത്തി താരത്തിന് തിരിച്ചു വരാനുള്ള അവസരം നൽകിയേക്കും എന്ന സൂചനകൾ നൽകിയിരിക്കുകയാണ് പരിശീലകൻ ആർട്ടെറ്റ. താരത്തെ പേരെടുത്തു പറഞ്ഞില്ലെങ്കിലും താരത്തെ ഉന്നം വെച്ചാണ് പറഞ്ഞത് എന്നാണ് മാധ്യമങ്ങളുടെ വ്യാഖ്യാനം. ” എന്റെ സ്‌ക്വാഡിൽ ഉള്ള എന്റെ ഉത്തരവാദിത്തം എന്തെന്ന് വെച്ചാൽ ഏറ്റവും മികച്ച ഒരു ടീമിനെ ഉണ്ടാക്കുകയും അവരിൽ നിന്ന് സാധ്യമായ മികച്ച പ്രകടനം പുറത്തെടുപ്പിക്കുക എന്നുമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുക്കുക. ഇവിടെയുള്ളവർ ഏത് താരമായാലും, അവരിൽ നിന്ന് ഏറ്റവും നല്ലത് പുറത്തെടുക്കാനും പരമാവധി ടീമിന് നൽകാനുമാണ് ഞാൻ ശ്രമിപ്പിക്കുന്നത്. ടീമിലുള്ള എല്ലവരോടും അവരവരുടെ റോളിനെ പറ്റി ഞാൻ സംസാരിച്ചിട്ടുണ്ട്. അവരിൽ നിന്ന് എന്താണോ പ്രതീക്ഷിക്കുന്നതെന്നും ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. മത്സരങ്ങൾ ലഭിക്കാതിരിക്കുമ്പോൾ ഒരു താരം സന്തോഷവാനല്ലാതെയാവും. എന്നാൽ അവരെ സന്തോഷിപ്പിക്കൽ അല്ല എന്റെ ജോലി. അവരെ മാറ്റിയെടുക്കലാണ്. അവർ മാറിയാൽ ചിലപ്പോൾ ടീമിൽ സ്ഥലം കണ്ടെത്താൻ സാധിച്ചേക്കും ” ആർട്ടെറ്റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *