ഏറ്റവും കൂടുതൽ പണം വാങ്ങുന്ന പ്രീമിയർ ലീഗ് പരിശീലകർ, പ്രമുഖരെ മറികടന്ന് ബിയൽസ ആറാമത് !

കഴിഞ്ഞ ദിവസമാണ് ലീഡ്‌സ് യുണൈറ്റഡിന്റെ പരിശീലകൻ മാഴ്‌സെലോ ബിയൽസ ക്ലബുമായി പുതിയ കരാറിൽ ഒപ്പിട്ടത്. പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷം ലീഡ്‌സിനെ പ്രീമിയർ ലീഗിലേക്ക് തിരിച്ചു കൊണ്ടുവന്ന പരിശീലകനാണ് മാഴ്‌സെലോ ബിയൽസ. എന്നാൽ ഈ അർജന്റീനക്കാരനെ കൈവിടാൻ ലീഡ്‌സ് ഒരുക്കമായിരുന്നില്ല എന്ന് മാത്രമല്ല വമ്പൻ സാലറി തന്നെയാണ് ഇദ്ദേഹത്തിന് ലീഡ്‌സ് യുണൈറ്റഡ് പുതിയ കരാറിൽ വാഗ്ദാനം ചെയ്തിട്ടുള്ളത്. എട്ട് മില്യൺ പൗണ്ട് ആണ് ഈ അറുപത്തിയഞ്ചുകാരനായ പരിശീലകന് ഇനി ക്ലബ്ബിൽ നിന്നും വാർഷികവേതനമായി ലഭിക്കുക. പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടുന്നതിന് മുമ്പ് ആറു മില്യൺ പൗണ്ട് ആയിരുന്നു താരത്തിന്റെ വേതനം. ഇതാണിപ്പോൾ എട്ടായി ഉയർന്നിട്ടുള്ളത്. പ്രീമിയർ ലീഗിലെ പ്രമുഖപരിശീലകരായ ലംപാർഡ്, ആർട്ടെറ്റ, സോൾഷ്യാർ എന്നിവരേക്കാൾ കൂടുതലാണിത്.

പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന പരിശീലകൻ മറ്റാരുമല്ല, പെപ് ഗ്വാർഡിയോള തന്നെയാണ്. മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ ഗ്വാർഡിയോള ഒരു വർഷം ഇരുപത് മില്യൺ പൗണ്ട് ആണ് സമ്പാദിക്കുന്നത്. രണ്ടാം സ്ഥാനം ടോട്ടൻഹാം പരിശീലകൻ ഹോസെ മൊറീഞ്ഞോക്കാണ്. 15 മില്യൺ പൗണ്ട് ആണ് മൊറീഞ്ഞോ ഒരു വർഷത്തിൽ സമ്പാദിക്കുന്നത്. മൂന്നാമത് ലിവർപൂളിന്റെ യുർഗൻ ക്ലോപ് ആണ്. 15 മില്യൺ പൗണ്ട് തന്നെയാണ് ക്ലോപ്പിനും. നാലാം സ്ഥാനത്ത് എവെർട്ടൺ പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ്. 11.5 മില്യൺ പൗണ്ട് ആണ് ഇദ്ദേഹം സമ്പാദിക്കുന്നത്. അഞ്ചാം സ്ഥാനത്ത് ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രണ്ടൻ റോജേഴ്‌സ് ആണ്. പത്ത് മില്യൺ പൗണ്ട് ആണ് ഇദ്ദേഹം കൈക്കലാക്കുന്നത്. ആറാം സ്ഥാനത്താണ് ബിയൽസ. ഇദ്ദേഹത്തിന് പിറകിൽ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ ആണുള്ളത്. 7.5 മില്യൺ ആണ് ഇദ്ദേഹം പോക്കറ്റിലാക്കുന്നത്. എട്ടാം സ്ഥാനത്ത് സതാംപ്റ്റൻ പരിശീലകൻ ഹാസൻഹട്ടിലാണ്. 6 മില്യൺ ആണ് ഇദ്ദേഹം സമ്പാദിക്കുന്നത്. ഒമ്പതാം സ്ഥാനത്ത് ചെൽസി പരിശീലകൻ ലംപാർഡും പത്താം സ്ഥാനത്ത് ആഴ്സനൽ പരിശീലകൻ ആർട്ടെറ്റയുമാണ്. യഥാക്രമം 5.5 മില്യൺ, 5 മില്യൺ എന്നിങ്ങനെയാണ് ഇരുവരും സമ്പാദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *