ഇപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഡിഫൻഡറാണ് വാൻ ഡൈക്കെന്ന് മുൻ മാഞ്ചസ്റ്റർ സിറ്റി നായകൻ

പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിലൊരാളാണ് ലിവർപൂളിന്റെ വിർജിൽ വാൻ ഡൈക്കെന്ന് അഭിപ്രായപ്പെട്ട് മുൻ മാഞ്ചസ്റ്റർ സിറ്റി നായകനും പ്രതിരോധനിര താരവുമായിരുന്ന വിൻസെന്റ് കോംപനി. ദിവസങ്ങൾക്ക് മുൻപ് ബിബിസിയുടെ ഫുട്ബോൾ ഫോക്കസിന് നൽകിയ അഭിമുഖത്തിലാണ് വാൻ ഡൈക്കിനെ അദ്ദേഹം വാനോളം പ്രശംസിച്ചത്. ക്ലബിലെത്തിയ ഉടനെ തന്നെ വാൻ ഡൈക്കിന് വലിയ തോതിൽ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞെന്നും ലിവർപൂളിനെ കിരീടങ്ങളിലേക്ക് നയിച്ചുവെന്നും ഇക്കാരണം കൊണ്ട് തന്നെ പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച ഡിഫൻഡർമാരിലൊരാളാണ് വാൻ ഡൈക്കെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച ഡിഫൻഡർമാരിലൊരാളാണ് വാൻ ഡൈക്ക്. ഞാൻ പറയാനുള്ള കാരണം ഇതാണ്. വാൻ ഡൈക്ക് വന്നതിന് ശേഷം ലിവർപൂൾ ഒരു മികച്ച ടീമായി മാറി. ഭേദിക്കപ്പെടാൻ സാധിക്കാത്ത ടീമായി. ഈ വർഷം അവർ പ്രീമിയർ ലീഗിൽ നടത്തിയ മേൽക്കോയ്മ കണ്ട് എനിക്ക് ഒട്ടും അത്ഭുതം തോന്നിയിട്ടില്ല. വാൻ ഡൈക്കിന്റെ വരവാണ് ഇതിനൊക്കെ കാരണം. ഇത്രയും വലിയൊരു ക്ലബിൽ വന്നിട്ട് ഇത്ര വലിയൊരു ഇമ്പാക്ട് ഉണ്ടാക്കുക എന്നുള്ളത് വലിയ ബുദ്ദിമുട്ടേറിയ കാര്യമാണ്. മോഡേൺ ട്വിസ്റ്റുകൾ ഉൾപ്പെടുത്തിയ ഓൾഡ് സ്കൂൾ ഡിഫൻഡിങ് ആണ് അദ്ദേഹത്തിന്റെ ശൈലി. ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു ശൈലിയാണത്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ ലളിതമായാണ് അനുഭവപ്പെടുക. പക്ഷെ അത് കാര്യക്ഷമമാണ്.ഇതുകൊണ്ടൊക്കെയാണ് അദ്ദേഹം മികച്ച ഡിഫൻഡറാവുന്നത്. ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു വ്യക്തി കൂടിയാണ് വാൻ ഡൈക്ക് ” കോംപനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *