അവസാനനിമിഷം ഗോൾ വഴങ്ങി, യുണൈറ്റഡ് കൈവിട്ടത് മൂന്നാം സ്ഥാനം !

മത്സരത്തിന്റെ അവസാനനിമിഷം വഴങ്ങിയ ഗോൾ യുണൈറ്റഡിൽ നിന്നും തട്ടിതെറിപ്പിച്ചത് പ്രീമിയർ ലീഗിലെ മൂന്നാം സ്ഥാനം. ഇന്നലെ നടന്ന മുപ്പത്തിയഞ്ചാം റൗണ്ട് പോരാട്ടത്തിലായിരുന്നു മൂന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരം റെഡ് ഡെവിൾസ് കളഞ്ഞു കുളിച്ചത്. മത്സരത്തിൽ സൗതാംപ്ടനോട് 2-2 ന്റെ സമനില വഴങ്ങിയതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായത്. സമനില വഴങ്ങിയതോടെ കേവലം ഒരു പോയിന്റ് മാത്രം ലഭിച്ച യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത് തന്നെ തുടർന്നു. നിലവിൽ 59 പോയിന്റ് ആണ് യുണൈറ്റഡിന്. ഇത്രയും തന്നെ പോയിന്റുള്ള ലെയ്സെസ്റ്റർ നാലാം സ്ഥാനത്തും ഒരു പോയിന്റ് അധികമുള്ള ചെൽസി മൂന്നാമതുമാണ്. മത്സരത്തിൽ ജയം സ്വന്തമാക്കിയിരുന്നുവെങ്കിൽ ഇവരെ മറികടന്ന് മൂന്നാം സ്ഥാനം നേടാൻ യുണൈറ്റഡിന് സാധിച്ചേനെ.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ യൂണൈറ്റഡിന് ആദ്യഗോൾ വഴങ്ങേണ്ടി വന്നു. ആംസ്ട്രോങ്ങ്‌ ആണ് യുണൈറ്റഡിന് ആദ്യപ്രഹരമേൽപ്പിച്ചത്. എന്നാൽ യുണൈറ്റഡ് ഉടനെ തന്നെ മറുപടിയും നൽകി. ഇരുപതാം മിനുട്ടിൽ മാർഷ്യൽ പണിപെട്ട് റാഷ്ഫോർഡ് നീട്ടി നൽകിയ പന്ത് കരുത്തേറിയ ഷോട്ടിലൂടെ താരം വലയിലെത്തിച്ചു. മൂന്ന് മിനുട്ടുകൾക്കകം യുണൈറ്റഡ് വീണ്ടും വലകുലുക്കി. ബ്രൂണോ നൽകിയ പന്തുമായി മുന്നേറിയ മാർഷ്യൽ എതിർ ഡിഫൻഡേഴ്‌സിനെ കബളിപ്പിച്ച് ഒരു തകർപ്പൻ ഷോട്ടിലൂടെ വലകുലുക്കി. എന്നാൽ ഈ ഗോളിന് യുണൈറ്റഡിന് മറുപടി കിട്ടിയത് 96-ആം മിനുട്ടിലായിരുന്നു. ജയത്തിന് തൊട്ടരികിൽ എത്തി നിൽക്കുന്ന സമയത്ത്, സൗത്താംപ്ടണിന് ലഭിച്ച കോർണർ കിക്കിൽ നിന്ന് ഒബഫെമി ഗോൾ നേടിയതോടെ വീണുടഞ്ഞത് യുണൈറ്റഡിന്റെ മൂന്നാം സ്ഥാനം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *