അനുമതി ലഭിച്ചു, പ്രീമിയർ ലീഗ് തിരിച്ചു വരുന്നു
ബ്രിട്ടീഷ് ഗവണ്മെന്റിന്റെ അനുമതി ലഭിച്ചതോടെ പ്രീമിയർ ലീഗ് തിരിച്ചു വരുന്നു. ജൂൺ ഒന്ന് മുതൽ പ്രീമിയർ ലീഗ് ആരംഭിക്കാനുള്ള നടപടികൾ തുടങ്ങിയേക്കും. ജൂൺ മുതൽ എല്ലാ സ്പോർട്സ് ഇവെന്റുകൾക്കും നടത്താനുള്ള അനുമതി ഇന്നാണ് ഗവണ്മെന്റ് നൽകിയത്. അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടത്തുക. കൂടാതെ ലോക്ക്ഡൗൺ വ്യവസ്ഥകളിലും ബ്രിട്ടീഷ് ഗവണ്മെന്റ് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ട് മാസത്തോളമായി ബ്രിട്ടനിൽ ഫുട്ബോൾ പ്രവർത്തനങ്ങൾ ഒക്കെ തന്നെയും നിർത്തിവെച്ചിരിക്കുകയാണ്. ലാലിഗയും ബുണ്ടസ്‌ലിഗയും സിരി എയും തുടങ്ങാനുള്ള എല്ലാ മുന്നൊരുക്കങ്ങൾ നടത്തിയപ്പോഴും പ്രീമിയർ ലീഗിന്റെ കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. ഇതിനാണിപ്പോൾ വിരാമമായത്.
ജൂണിൽ തന്നെ മത്സരങ്ങൾ പുനരാരംഭിക്കാം എന്ന പ്രതീക്ഷയിലാണ് ക്ലബുകൾ. ന്യൂട്രൽ സ്റ്റേഡിയങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ഇരുപത് ക്ലബുകളുടെയും യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കോവിഡ് ഗുരുതരമായി ബാധിച്ച പ്രദേശങ്ങൾ ഒഴിവാക്കാനാണ് അധികൃതർ ആലോചിക്കുന്നത്. അതേ സമയം നിലവിൽ മറ്റു യൂറോപ്യൻ രാജ്യങ്ങളെക്കാളും പ്രതിസന്ധി അനുഭവിക്കുന്നവരാണ് ബ്രിട്ടൻ. അത്കൊണ്ട് തന്നെ കർശനമായ സുരക്ഷാനിർദ്ദേശങ്ങളാണ് ക്ലബുകൾക്ക് ഗവണ്മെന്റ് നൽകിയിട്ടുള്ളത്.