ഹാവെർട്സിന് ക്ലബ്‌ വിടാൻ അനുമതി,പിന്നാലെ വമ്പൻമാർ

ബയേർ ലെവർകൂസന്റെ യുവസൂപ്പർ താരം കായ് ഹാവെർട്സിന് ക്ലബ്‌ വിടാൻ അനുമതി നൽകി ലെവർകൂസൻ. ക്ലബിന്റെ സ്പോർട്ടിങ് ഡയറക്ടറാണ് താരത്തിന് ആഗ്രഹമുണ്ടെങ്കിൽ ക്ലബ്‌ വിടാം എന്നറിയിച്ചത്. കഴിഞ്ഞ ദിവസം ജർമ്മൻ മാധ്യമമായ ബിൽഡിന് നൽകിയ അഭിമുഖത്തിലാണ് ക്ലബിന്റെ ഡയറക്ടർ റൂഡി വോളർ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. നമുക്ക് ഏതൊരു താരത്തെയും നിർബന്ധിച്ച് പിടിച്ചു വെക്കാൻ ആവില്ലെന്നും താരത്തിന് ആഗ്രഹമുണ്ടെങ്കിൽ ക്ലബ്‌ വിടാമെന്നും അദ്ദേഹം അറിയിച്ചു. എന്നിരുന്നാലും ഒരു സീസൺ കൂടെ താരം ക്ലബിൽ കളിക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും വോളർ കൂട്ടിച്ചേർത്തു. ഇതോടെ ട്രാൻസ്ഫർ മാർക്കറ്റിൽ താരത്തിന് വേണ്ടിയുള്ള പോരാട്ടം മുറുകിയേക്കും. നിലവിൽ റയൽ മാഡ്രിഡ്‌, ബയേൺ മ്യൂണിക്ക്, ലിവർപൂൾ, ചെൽസി എന്നീ വമ്പൻമാരാണ് താരത്തെ നോട്ടമിട്ടിരിക്കുന്നത്. താരത്തിന് നൂറ് മില്യൺ എങ്കിലും ലഭിക്കും എന്ന പ്രതീക്ഷയിലാണ് ബയേർ.ചെൽസിയാണ് താരത്തിന് വേണ്ടി ശക്തമായി രംഗത്തുള്ളത്.

” ഇവിടെ അസാധാരണമായ ഒന്നുമില്ല. നിലവിൽ അദ്ദേഹം ഞങ്ങളുടെ താരമാണ്. ഞങ്ങൾക്ക് ഞങ്ങളുടേതായ ആശയങ്ങളുണ്ട്. എന്ത് ചെയ്യണമെന്ന കാര്യത്തെ കുറിച്ച് ഞങ്ങൾക്കറിയാം. അദ്ദേഹം ഒന്നോ അതിലധികമോ സീസൺ ഞങ്ങളുടെ കൂടെ ചിലവഴിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞങ്ങൾ തമ്മിൽ ഒരു കരാറുമുണ്ട്. ഇനി അതല്ല എങ്കിൽ അദ്ദേഹത്തിന് ക്ലബ്‌ വിടുകയും ചെയ്യാം തീർച്ചയായും ഒരു താരത്തെ നിർബന്ധിക്കാൻ നമ്മൾക്ക് സാധിക്കില്ല. ഹാവെർട്സിന് ഇവിടുത്തെ സഹതാരങ്ങളെ കുറിച്ചും ക്ലബ്ബിനെ കുറിച്ചും ആരാധകരെ കുറിച്ചും നല്ല രീതിയിലുള്ള അറിവുണ്ട് ” വോളർ പറഞ്ഞു. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ താരത്തിന് സാധിച്ചിരുന്നു. ഈ ബുണ്ടസ്‌ലീഗയിൽ പന്ത്രണ്ട് ഗോളുകളും ആറു അസിസ്റ്റുകളും സ്വന്തം പേരിൽ എഴുതിചേർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!