മൂന്ന് വമ്പൻ സൈനിംഗുകൾ, ശക്തി വർധിപ്പിക്കാനൊരുങ്ങി പിഎസ്ജി!

പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഒരു മോശം സീസണാണ് കടന്നു പോയത്. ചാമ്പ്യൻസ് ലീഗ് സെമിയിൽ പുറത്തായ അവർക്ക് ലീഗ് വൺ കിരീടവും നഷ്ടമായിരുന്നു. എന്നാൽ തങ്ങൾ ഒട്ടും പിറകിലേക്ക് അല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പിഎസ്ജിയുടെ ഓരോ നീക്കവും. മൗറിസിയോ പോച്ചെട്ടിനോയെ പരിശീലകനായി നിയമിച്ച അവർ പിന്നീട് ചെയ്തത് സൂപ്പർ താരം നെയ്മർ ജൂനിയറുടെ കരാർ പുതുക്കിയതാണ്. ഇനി അടുത്ത ലക്ഷ്യം മറ്റൊരു വമ്പൻ താരമായ എംബപ്പേയുടെ കരാർ പുതുക്കുക എന്നുള്ളതാണ്. എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരുമെന്ന് പ്രസിഡന്റ്‌ നാസർ അൽ ഖലീഫി പ്രസ്താവിച്ചു കഴിഞ്ഞു.

ഇനി മൂന്ന് വമ്പൻ സൈനിംഗുകൾക്കൊരുങ്ങി നിൽക്കുകയാണ് പിഎസ്ജി. ആദ്യമായി ലിവർപൂളിന്റെ മിഡ്ഫീൽഡർ വൈനാൾഡത്തെയാണ് പിഎസ്ജി തട്ടകത്തിലെത്തിക്കുക. ഇരട്ടി സാലറി വാഗ്ദാനം ചെയ്ത് ബാഴ്‌സയുടെ പക്കലിൽ നിന്നാണ് താരത്തെ പിഎസ്ജി റാഞ്ചുന്നത്.

അടുത്തത് എസി മിലാൻ ഗോൾകീപ്പർ ജിയാൻലൂയിജി ഡോണ്ണരുമയെയാണ് പിഎസ്ജി സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നത്. താരം ഫ്രീ ഏജന്റ് ആയത് കൊണ്ട് എസി മിലാന് ട്രാൻസ്ഫർ ഫീ നൽകേണ്ട ആവിശ്യമില്ല. അത്കൊണ്ട് തന്നെ അഞ്ച് വർഷത്തെ സാലറിയായി 60 മില്യൺ യൂറോയാണ് പിഎസ്ജി താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത്‌ സംഭവിച്ചാൽ കെയ്‌ലർ നവാസിന് പകരക്കാരനാവും.

അടുത്തത് ഇന്ററിന്റെ വിംഗ് ബാക്ക് ആയ അഷ്‌റഫ്‌ ഹാക്കിമിയെയാണ്.60 മില്യൺ യൂറോയാണ് താരത്തിനായി പിഎസ്ജി ഓഫർ ചെയ്തിരിക്കുന്നത്. ഇന്റർ ഇത്‌ സ്വീകരിക്കാൻ തന്നെയാണ് സാധ്യത. മുൻ റയൽ താരമായ ഹാക്കിമി പിഎസ്ജിയിൽ എത്തുന്നതിന്റെ വക്കിലാണ്. ഈ താരങ്ങൾ എത്തുന്നതോട് കൂടി പിഎസ്ജിയുടെ കരുത്ത് വർധിപ്പിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!