മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ചതിന് നന്ദി, പിഎസ്ജി ആരാധകരോട് സിൽവ വിടചൊല്ലി !

പിഎസ്ജിയുടെ ബ്രസീലിയൻ ഡിഫൻഡർ തിയാഗോ സിൽവയുടെ കരാറിന്റെ കാലാവധി അവസാനിക്കുകയും താരത്തെ കയ്യൊഴിയാൻ പിഎസ്ജി തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതോടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ശേഷം താരം പിഎസ്ജിയോട് വിടചൊല്ലുകയും ചെയ്തു. തുടർന്ന് പിഎസ്ജി ആരാധകർക്ക് നന്ദി അറിയിച്ചു കൊണ്ട് കുറിപ്പെഴുതിയിരിക്കുകയാണ് സിൽവ. മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ചതിന് നന്ദി എന്നാണ് സിൽവ പിഎസ്ജി ആരാധകർക്ക് അയച്ച സന്ദേശം. സിൽവ ചെൽസിയിലേക്ക് ആണെന്ന കാര്യം ഏറെകുറെ ഉറപ്പായിട്ടുണ്ട്. മെഡിക്കൽ പൂർത്തിയാക്കിയ ശേഷം താരം വ്യാഴാഴ്ച്ച ക്ലബുമായി ഔദ്യോഗികകരാറിൽ എത്താൻ കഴിയുമെന്നാണ് ഒടുവിലെ വിവരം. എട്ട് വർഷങ്ങൾക്ക് ശേഷമാണ് സിൽവ പാർക്ക്‌ ഡി പ്രിൻസസിന്റെ പടികളിറങ്ങുന്നത്. പിഎസ്ജിയിൽ തുടരാൻ ആഗ്രഹമുണ്ടെന്ന് താരം അറിയിച്ചിരുന്നുവെങ്കിലും ക്ലബ്‌ സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോക്ക് താരത്തെ പറഞ്ഞു വിടാനായിരുന്നു താല്പര്യം. എന്നാൽ ചെൽസിയിലും താരത്തിന് ക്യാപ്റ്റൻ പദവിയാണ് കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

” ഇന്ന് ഒരു പ്രയാണത്തിനാണ് വിരാമമായിരിക്കുന്നത്.പിഎസ്ജി ടീമിനോടൊപ്പമുള്ള എട്ട് വർഷത്തിന് ശേഷം ഞാൻ വിടപറയുന്നു. ഈ അവസരത്തിൽ എന്റെ സഹതാരങ്ങൾ, ടീം മാനേജ്മെന്റ്, ആരാധകർ, കുടുംബം, കൂട്ടുകാർ, ദൈവം എന്നിങ്ങനെയുള്ള എല്ലാവരോടും ഞാൻ നന്ദി പറയുന്നു. ഈ പ്രകാശത്തിന്റെ നഗരത്തിൽ ഇങ്ങനെയൊരു നിമിഷങ്ങൾ നിങ്ങൾ സമ്മാനിച്ചതിനും നന്ദി അറിയിക്കുന്നു. ഒരുപാട് മറക്കാനാവാത്ത നിമിഷങ്ങളാണ് എനിക്കും എന്റെ കുടുംബത്തിനും ഇവിടെ നിന്ന് ലഭിച്ചത്. എന്റെ കുട്ടികൾ ഇവിടെയാണ് വളർന്നത്. ഞങ്ങൾ ഫ്രഞ്ച് പൗരന്മാരായി, ഞങ്ങൾ എപ്പോഴും ഈ രാജ്യത്തെ ഞങ്ങളുടെ നെഞ്ചിലേറ്റും ” ഇതായിരുന്നു സിൽവ ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകൾ. പിഎസ്ജിക്ക് വേണ്ടി 315 മത്സരങ്ങൾ സിൽവ കളിച്ചിട്ടുണ്ട്. ഏഴ് ലീഗ് വൺ കിരീടങ്ങളും പതിനൊന്നോളം മറ്റുള്ള കിരീടങ്ങളും സിൽവ പിഎസ്ജിയോടൊപ്പം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *