ക്ഷമയില്ലാത്തവർ,ടീമിലെ മികച്ച താരത്തിനാണ് എപ്പോഴും വിമർശനങ്ങൾ ലഭിക്കുക : മെസ്സിക്ക് പിന്തുണയുമായി ഹെരേര!

സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോൾ പാരീസിൽ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിനു ശേഷം പലപ്പോഴും ലയണൽ മെസ്സിയെ സ്വന്തം ആരാധകർ തന്നെ വേട്ടയാടിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി ആരാധകരിൽ നിന്നും മെസ്സിക്ക് കൂവലുകൾ ഏൽക്കേണ്ടി വന്നിരുന്നു.ഈ വിഷയത്തിൽ ഇപ്പോഴും വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.

പിഎസ്ജിയുടെ മുൻ താരവും നിലവിൽ അത്ലറ്റിക്കോ ബിൽബാവോ താരവുമായ ആന്റർ ഹെരേര ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ഒട്ടും ക്ഷമയില്ലാത്തവരാണ് പിഎസ്ജി ആരാധകർ എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്. ടീമിലെ ഏറ്റവും മികച്ച താരത്തിനാണ് എപ്പോഴും വിമർശനങ്ങൾ ലഭിക്കുകയൊന്നും അതുകൊണ്ടാണ് മെസ്സി വേട്ടയാടപ്പെടുന്നതെന്നും ഹെരേര കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ലയണൽ മെസ്സിയെ നേരിട്ട് അറിയുന്നതിന് മുന്നേ തന്നെ ഞാൻ അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.അദ്ദേഹത്തെ അറിഞ്ഞ ശേഷവും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു.ഒരു വ്യക്തി എന്ന നിലയിലും ഒരു താരം എന്ന നിലയിലും ഞാൻ അദ്ദേഹത്തെ വളരെയധികം ആരാധിക്കുന്നു. ഒട്ടും ക്ഷമയില്ലാത്ത സ്ഥലമാണ് പാരീസ്. ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്ന മോഹം അതിക്രമിക്കുന്നത് ഒരിക്കലും സഹായം ചെയ്യില്ല. ഏറ്റവും അവസാനത്തിൽ ടീമിലെ ഏറ്റവും മികച്ച താരത്തിനായിരിക്കും എല്ലാ വിമർശനങ്ങളും കേൾക്കേണ്ടി വരിക ” ഇതാണ് ആന്റർ ഹെരേര പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സി പിഎസ്ജി വിടാനുള്ള തീരുമാനമെടുത്തു കഴിഞ്ഞതായി മാധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നു. മെസ്സിയുടെ ഓഫർ പുതുക്കാൻ ക്ലബ്ബിന് താല്പര്യമുണ്ടെങ്കിലും ലയണൽ മെസ്സി അത് പരിഗണിച്ചിട്ടില്ല.അടുത്തമാസം രണ്ട് സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്. അതിനുശേഷം മാത്രമാണ് മെസ്സി ഭാവിയെക്കുറിച്ച് ഒരു അന്തിമ തീരുമാനം എടുക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!