എതിർതാരത്തിന്റെ മുഖത്ത് തുപ്പിയതിന് വിലക്ക് ലഭിച്ച് ഡിമരിയ, നെയ്മറുടെ കാര്യം വൈകുന്നു !

പിഎസ്ജിയുടെ സൂപ്പർ താരം എയ്ഞ്ചൽ ഡിമരിയക്ക് നാല് മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിച്ചു. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനാണ് താരത്തെ നാല് മത്സരങ്ങളിൽ നിന്നും വിലക്കിയത്. സെപ്റ്റംബർ പതിമൂന്നിന് നടന്ന പിഎസ്ജി vs മാഴ്സെ മത്സരത്തിനിടെ നടന്ന അനിഷ്ടസംഭവങ്ങൾക്കാണ് ഡിമരിയക്ക് വിലക്ക് ലഭിച്ചത്. മത്സരത്തിന്റെ പതിനേഴാം മിനുട്ടിൽ മാഴ്സെ താരമായ അൽവാരോ ഗോൺസാലാസിന്റെ മുഖത്ത് ഡിമരിയ തുപ്പിയതായി ആരോപണമുയർന്നിരുന്നു. തുടർന്ന് എൽഎഫ്പി ഇതിൽ അന്വേഷണം നടത്തുകയും ഡിമരിയ കുറ്റക്കാരനാണ് എന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്നാണ് നാല് മത്സരങ്ങളിൽ നിന്ന് താരത്തെ വിലക്കിയത്.

സെപ്റ്റംബർ ഇരുപത്തിയൊമ്പത് ചൊവ്വാഴ്ച മുതൽക്കാണ് ഈ സസ്‌പെൻഷൻ ബാധകമാവുക. തുടർന്ന് എയ്ഞ്ചേഴ്സ്, ഡിജോൺ, നാന്റസ്, നീംസ് എന്നിവർക്കെതിരെയുള്ള മത്സരം താരത്തിന് നഷ്ടമാവും. തുടർന്ന് നവംബർ ഏഴിന് റെന്നസിനെതിരെയുള്ള മത്സരത്തിൽ താരം തിരിച്ചെത്തും. അതേ സമയം അൽവാരോ ഗോൺസാലസ്-നെയ്മർ വിഷയത്തിൽ കമ്മീഷൻ ഇപ്പോഴും പഠനം നടത്തുകയാണ്. സെപ്റ്റംബർ മുപ്പതാം തിയ്യതി ഇതിൽ വിധി പ്രഖ്യാപിക്കും എന്നാണ് അറിയാൻ കഴിയുന്നത്. അൽവാരോ ഗോൺസാലസ് നെയ്മറെ വംശീയമായി അധിക്ഷേപിച്ചു എന്ന കാര്യത്തിലാണ് അന്വേഷണം നടക്കുന്നത്. അതേ സമയം റെഡ് കാർഡ് ലഭിച്ചതിനെ തുടർന്ന് രണ്ട് മത്സരങ്ങളിൽ നെയ്മർക്ക് വിലക്ക് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *