എംബാപ്പെ മുന്നിൽ നിന്ന് നയിച്ചു, നെയ്മറുടെ അഭാവത്തിലും ഗംഭീരവിജയം നേടി പിഎസ്ജി !
സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവത്തിലും ഗംഭീരവിജയം നേടി പിഎസ്ജി. ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ നീംസിനെയാണ് എതിരില്ലാത്ത നാലു ഗോളുകൾക്ക് പിഎസ്ജി തകർത്തു വിട്ടത്. ഇരട്ടഗോളുകൾ നേടിയ എംബാപ്പെയുടെ കരുത്തിലാണ് പിഎസ്ജി മിന്നുന്ന വിജയം സ്വന്തമാക്കിയത്. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി പാബ്ലോ സറാബിയയും മികച്ചു നിന്നു. ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്കുയരാൻ പിഎസ്ജിക്ക് സാധിച്ചു. ആദ്യ രണ്ട് മത്സരത്തിലെ തോൽവിക്ക് ശേഷം പിന്നീട് തുടർച്ചയായ അഞ്ച് മത്സരങ്ങൾ വിജയിച്ചു കൊണ്ടാണ് പിഎസ്ജി മുന്നോട്ട് കുതിച്ചത്. നിലവിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 15 പോയിന്റാണ് പിഎസ്ജിയുടെ സമ്പാദ്യം. ഇത്രയും പോയിന്റ് തന്നെയുള്ള റെന്നസാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.
Un succès nettement validé en fin de partie 👏 #NOPSG
— Paris Saint-Germain (@PSG_inside) October 16, 2020
🔴🔵 #AllezParis pic.twitter.com/oMQQ6vZ0nw
ബ്രസീൽ ടീമിൽ നിന്നും മടങ്ങിയ നെയ്മർ പിഎസ്ജിയോടൊപ്പം പരിശീലനം നടത്തിയിരുന്നില്ല. തുടർന്ന് താരത്തിന്റെ അഭാവത്തിലാണ് പിഎസ്ജി ബൂട്ടണിഞ്ഞത്. മോയ്സെ കീൻ, റഫീഞ്ഞ എന്നീ പുതിയ താരങ്ങൾ പിഎസ്ജിക്കായി ജേഴ്സിയണിഞ്ഞു. മത്സരത്തിന്റെ പന്ത്രണ്ടാം മിനുട്ടിൽ നീംസ് താരം ലാന്ദ്രേ റെഡ് കാർഡ് കണ്ടു പുറത്തു പോയതോടെ പിഎസ്ജിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. 32-ആം മിനുട്ടിലാണ് ആദ്യ ഗോൾ പിറക്കുന്നത്. റഫീഞ്ഞയുടെ അസിസ്റ്റിൽ നിന്നും എംബാപ്പെയാണ് വലകുലുക്കിയത്. രണ്ടാം പകുതിയിലാണ് കൂടുതൽ ഗോളുകൾ വന്നത്. 77-ആം മിനുട്ടിൽ സറാബിയയുടെ അസിസ്റ്റിൽ നിന്ന് ഫ്ലോറെൻസി ഗോൾ കണ്ടെത്തി. 83-ആം മിനുട്ടിലും സറാബിയയുടെ അസിസ്റ്റിൽ നിന്ന് തന്നെ എംബാപ്പെ ഗോൾ നേടുകയായിരുന്നു. ഒടുവിൽ ഗോൾനേടിക്കൊണ്ട് സറാബിയ പട്ടിക പൂർത്തിയാക്കി. 88-ആം മിനിറ്റിലായിരുന്നു ദാഗ്ബയുടെ അസിസ്റ്റിൽ നിന്നും സറാബിയ ഗോൾ കണ്ടെത്തിയത്.
😘❤️… pic.twitter.com/TOMJDpdYHQ
— Kylian Mbappé (@KMbappe) October 16, 2020