റയൽ താരങ്ങൾക്ക് നേരെ സാധനസാമഗ്രികൾ വലിച്ചെറിഞ്ഞു,ബാഴ്സക്ക്‌ പണി കിട്ടിയേക്കും.

ഇന്നലെ കോപ ഡെൽ റേയിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ മിന്നുന്ന വിജയം കരസ്ഥമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സയെ അവരുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ച് പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ കരിം ബെൻസിമയും വിനീഷ്യസ് ജൂനിയറുമാണ് റയലിനു വേണ്ടി തിളങ്ങിയത്. ഇതോടെ ബാഴ്സ കോപ ഡെൽ റേയിൽ നിന്ന് പുറത്താവുകയും ചെയ്തു.

ഈ മത്സരത്തിനിടെ ചില അനിഷ്ട സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. അതായത് റയൽ മാഡ്രിഡ് താരങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് ബാഴ്സ ആരാധകർ പലവിധ സാധനസാമഗ്രികൾ എറിയുകയായിരുന്നു. ഇക്കാര്യം മത്സരത്തിലെ റഫറിയായ മാർട്ടിനസ് മുനുവേറ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല കുറച്ച് സമയം ഇക്കാരണം കൊണ്ട് റഫറിക്ക് മത്സരം നിർത്തിവയ്ക്കേണ്ടി വരികയും ചെയ്തു.

ആദ്യം മാഡ്രിഡ് ഗോൾ കീപ്പറായ കോർട്ടുവക്കെതിരെ ബാഴ്സ ആരാധകർ ഒരു സിഗരറ്റ് ലൈറ്റർ എറിയുകയായിരുന്നു.എന്നാൽ അത് അദ്ദേഹത്തിന്റെ ദേഹത്ത് തട്ടിയില്ല.മാത്രമല്ല മത്സരത്തിന്റെ 80ആം മിനിട്ടിൽ താരങ്ങൾ ഗോൾ ആഘോഷിക്കുമ്പോൾ പകുതി നിറഞ്ഞ രണ്ട് വാട്ടർ ബോട്ടിലുകൾ ഈ താരങ്ങൾക്ക് നേരെ ആരാധകർ എറിഞ്ഞു. ഇതിന് പുറമേ രണ്ട് സിഗരറ്റ് ലൈറ്ററുകളും ഒരു യുറോ കോയിനും ബാഴ്സ ആരാധകർ റയൽ താരങ്ങളെ ലക്ഷ്യം വെച്ച് എറിഞ്ഞിട്ടുണ്ട്. എന്നാൽ ഡാമേജുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും റഫറി അറിയിച്ചിട്ടുണ്ട്.

ഏതായാലും ഈ പ്രവർത്തനങ്ങൾ കാരണമായി ബാഴ്സക്ക്‌ ലാലിഗ പിഴ ചുമത്തിയേക്കും.സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏകദേശം 94,000 ത്തോളം ആരാധകർ ആയിരുന്നു ഈ എൽ ക്ലാസ്സിക്കോ പോരാട്ടം കാണാൻ വേണ്ടി ക്യാമ്പ് നൗവിൽ തടിച്ചുകൂടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!