മെസ്സിക്ക് വമ്പൻ സാലറി ഓഫർ ചെയ്യാൻ ഇന്റർ ഒരുങ്ങുന്നു!

എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഇന്റർമിലാനുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള വാർത്തകൾക്ക് വിരാമമാവുന്നില്ല. ഓരോ ദിവസവും പുതിയ പുതിയ അഭ്യൂഹങ്ങളാണ് മെസ്സിയെയും ഇന്ററിനെയും ബന്ധപ്പെടുത്തി കൊണ്ട് പിറവിയെടുക്കുന്നത്. പ്രധാനമായും ഇറ്റാലിയൻ മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള വാർത്തകൾ പുറത്തേക്കു വിടുന്നതിൽ മുൻപന്തിയിൽ. മെസ്സി സിരി എയിലേക്ക് വരുമെന്നാണ് ചില മാധ്യമങ്ങൾ വിശ്വസിക്കുന്നതെന്നാണ് അറിയാൻ കഴിയുന്നത്. മെസ്സിയുടെ പിതാവ് മിലാനിൽ ഒരു വീട് വാങ്ങിയതാണ് മെസ്സി ഇന്ററിലേക്ക് എന്ന വാർത്തകൾ പ്രചരിക്കാൻ കാരണം. തുടർന്ന് ഇന്റർമിലാൻ ചീഫും ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പറഞ്ഞിരുന്നു. മെസ്സിയെ ക്ലബിൽ എത്തിക്കുക എന്നുള്ളത് ഓരോ ക്ലബ്ബിന്റെയും ആഗ്രഹമാണെന്നും എന്നാൽ മെസ്സിയെ സൈൻ ചെയ്യൽ ഇന്ററിന് താങ്ങാവുന്നതിലുമപ്പുറമാണ് എന്നാണ് അദ്ദേഹം അറിയിച്ചത്.

ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മെസ്സിക്ക് ഒരു വമ്പൻ സാലറി ഓഫർ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇന്റർ എന്നാണ് ഇത്. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തു വിട്ടത്. മറ്റൊരു മാധ്യമമായ എൽ ചിരിങ്കിറ്റൊയെ ഉദ്ധരിച്ചു കൊണ്ടാണ് ഇത് പുറത്തു വിട്ടത്. 50 മില്യൺ യുറോക്ക് മുകളിൽ ഒരു വർഷം മെസ്സിക്ക് നൽകാമെന്നാണ് ഇന്ററിന്റെ വാഗ്ദാനം. അങ്ങനെ നാലു വർഷത്തെ കരാറിൽ 260 മില്യൺ യുറോയോളം(235 മില്യൺ പൗണ്ട് ) മെസ്സിക്ക് ലഭിക്കുമെന്നാണ് ഡെല്ലോ സ്പോർട്ടിന്റെ വാദം. എന്നാൽ സ്പാനിഷ് മാധ്യമങ്ങൾ ഒന്നും തന്നെ ഇക്കാര്യം പുറത്തു വിട്ടിട്ടില്ല. ഏതായാലും കൂടുതൽ വിവരങ്ങൾ ഉടനെ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത സീസണിൽ അവസാനിക്കുന്ന തന്റെ കരാർ മെസ്സി പുതുക്കാത്തതാണ് ഇത്രയും അഭ്യൂഹങ്ങൾ പരക്കാനുള്ള പ്രധാനകാരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!