ആർക്കാണ് ബെർണാഡോ സിൽവയെ ഇഷ്ടമില്ലാത്തതെന്ന് സാവി,സിൽവ ബാഴ്സയെ ഇഷ്ടപ്പെടുന്നുവെന്ന് പെപ്,അഭ്യൂഹങ്ങൾ ശക്തം!

ഈ ട്രാൻസ്ഫർ ജാലകത്തിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ഇനി ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന താരം ബെർണാഡോ സിൽവയാണ്. എന്നാൽ താരത്തിന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുമായി കരാറിലെത്താൻ ബാഴ്‌സക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ അദ്ദേഹം ബാഴ്സയിലേക്ക് എത്തുമെന്നുള്ള റൂമറുകൾ വളരെയധികം സജീവമാണ്.

ഏതായാലും ഇന്നലെ നടന്ന മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണയും തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ടത് ബെർണാഡോ സിൽവ കൂടിയായിരുന്നു. ബാഴ്സലോണയുടെ പരിശീലകനായ സാവിയും മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളയും സിൽവയെ കുറിച്ചുള്ള തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. സാവി പറഞ്ഞത് ഇങ്ങനെയാണ്.

” ആർക്കാണ് ബെർണാഡോ സിൽവയെ ഇഷ്ടമല്ലാത്തത് ? അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയുടെ വളരെ പ്രധാനപ്പെട്ട താരമാണ്.ടീമിൽ വ്യത്യസ്തതകൾ സൃഷ്ടിക്കുന്ന താരം കൂടിയാണ് അദ്ദേഹം. ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. കാരണം അദ്ദേഹത്തെപ്പോലെ വളരെ കുറച്ചു താരങ്ങൾ മാത്രമേ നിലവിൽ ഫുട്ബോൾ ലോകത്തുള്ളൂ.പക്ഷേ ഇതെല്ലാം മാഞ്ചസ്റ്റർ സിറ്റിയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത് ” ഇതായിരുന്നു ബാഴ്സയുടെ പരിശീലകൻ പറഞ്ഞിരുന്നത്.

അതേസമയം പെപ് പറഞ്ഞത് ഇങ്ങനെയാണ്.” സിൽവ ഞങ്ങളോടൊപ്പം തന്നെ ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ താരങ്ങൾ ഹാപ്പി അല്ലാതെ ഇവിടെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആദ്യത്തെ കാര്യം ഇരു ടീമുകളും കരാറിൽ എത്തുക എന്നുള്ളതാണ്. പക്ഷേ തീർച്ചയായും ഞാൻ അദ്ദേഹം എന്റെ ടീമിൽ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. സിൽവ എഫ് സി ബാഴ്സലോണയെ ഇഷ്ടപ്പെടുന്നു എന്നുള്ളത് സത്യമാണ് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

ചുരുക്കത്തിൽ സിൽവ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തെ കൈവിടാൻ സിറ്റിയും പെപ്പും തയ്യാറാണ്. ഏതായാലും ഏത് രൂപത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുക എന്നുള്ളത് കണ്ടറിയേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!