വിനീഷ്യസ് ഒരു വ്യക്തിയാണ്, മത്സരം നിർത്തണമായിരുന്നു: സാവി പറയുന്നു.

കഴിഞ്ഞ വലൻസിയക്കെതിരെയുള്ള ലാലിഗ മത്സരത്തിനിടയിലാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർക്ക് വംശീയാധിക്ഷേപങ്ങൾ നേരിടേണ്ടി വന്നത്. നിരവധി തവണ പരാതി നൽകിയിട്ടും ഈ വിഷയത്തിൽ ലാലിഗ നടപടികൾ ഒന്നും സ്വീകരിക്കാത്തത് വിനീഷ്യസിനെ കടുത്ത അസംതൃപ്തനാക്കിയിരുന്നു. അതുകൊണ്ടുതന്നെ വളരെ വലിയ രൂപത്തിലാണ് ഇതിനെതിരെ വിനീഷ്യസ് പ്രതികരിച്ചത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ വിനീഷ്യസിനൊപ്പം നിലകൊള്ളുകയും ചെയ്തിരുന്നു.

ഈ വിഷയത്തിൽ ബാഴ്സ പരിശീലകനായ സാവിയോട് മാധ്യമപ്രവർത്തകർ അഭിപ്രായം തേടിയിരുന്നു.വിനീഷ്യസ് ജൂനിയറിനെ പിന്തുണച്ചു കൊണ്ടാണ് ഇദ്ദേഹം സംസാരിച്ചത്. വംശീയമായ അധിക്ഷേപങ്ങൾ ഉണ്ടായപ്പോൾ റഫറി മത്സരം നിർത്തണമായിരുന്നുവെന്നും റയൽ മാഡ്രിഡ് താരം എന്നതിനേക്കാൾ ഉപരി വിനീഷ്യസ് ജൂനിയർ ഒരു വ്യക്തിയാണെന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” തീർച്ചയായും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ മത്സരം നിർത്തിവെക്കണം.അധിക്ഷേപങ്ങൾ അംഗീകരിക്കുന്ന ഒരേയൊരു കായിക ഇനം ഇതാണെന്ന് എനിക്ക് തോന്നുന്നു. മറ്റൊരു ജോലി സ്ഥലത്ത് അധിക്ഷേപിക്കപ്പെടുന്നത് ഞാൻ എവിടെയും കണ്ടിട്ടില്ല. തീർച്ചയായും ഈ അധിക്ഷേപങ്ങൾ എല്ലാം തടയേണ്ടതുണ്ട്. കാരണം മറ്റൊരു ജോലി സ്ഥലത്തും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നിങ്ങൾക്ക് കാണാനാവില്ല. നിങ്ങൾ ഏത് ടീമിന്റെ ജേഴ്സി ധരിക്കുന്നു എന്നുള്ളതിനൊന്നും ഇവിടെ പ്രസക്തിയില്ല,വിനീഷ്യസ് ജൂനിയർ ഒരു ഫുട്ബോൾ താരം ആകുന്നതിനു മുന്നേ തന്നെയും ഒരു റയൽ താരം ആകുന്നതിന് മുന്നേ തന്നെയും ഒരു വ്യക്തിയാണ് എന്നുള്ള കാര്യം മനസ്സിലാക്കണം. നമ്മൾ ഫുട്ബോൾ പ്രൊഫഷണലിനെ ഡിഫൻഡ് ചെയ്തേ മതിയാകൂ. ഒരു പൗരൻ എന്ന നിലയിൽ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള അപമാനങ്ങൾ സഹിക്കേണ്ടി വരുന്നത് എന്നത് എനിക്ക് മനസ്സിലാവുന്നില്ല “ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

ഏതായാലും വലൻസിയ ഈ വിഷയത്തിൽ കടുത്ത നടപടികൾ ആരാധകർക്കെതിരെ എടുത്തിട്ടുണ്ട്. പക്ഷേ ലാലിഗ ഇപ്പോഴും മൗനത്തിലാണ്. ഏത് രൂപത്തിലുള്ള ഒരു തീരുമാനങ്ങളായിരിക്കും ലാലിഗ എടുക്കുക എന്നുള്ളതാണ് അറിയേണ്ടത്. ലാലിഗ മൗനം തുടർന്നാൽ കോടതിയിലേക്ക് പോകുമെന്ന് റയൽ മാഡ്രിഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!