വിനീഷ്യസിന് പിന്നിൽ അണിനിരക്കൂ:മെസ്സി,ക്രിസ്റ്റ്യാനോ,നെയ്മർ എന്നിവരോട് അഭ്യർത്ഥനയുമായി റിയോ ഫെർഡിനാന്റ്.

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് വലൻസിയ സ്വന്തം മൈതാനത്ത് വെച്ചുകൊണ്ട് റയലിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഈ മത്സരത്തിനിടെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ വലിയ രൂപത്തിലുള്ള വംശിയാധിക്ഷേപങ്ങൾക്ക് ഇരയായിരുന്നു. നിരവധി വലൻസിയ ആരാധകർ അദ്ദേഹത്തെ കുരങ്ങൻ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും വിനീഷ്യസ് മരിക്കട്ടെ എന്ന് ചാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ വിനി ശക്തമായ ഭാഷയിൽ കളിക്കളത്തിൽ വച്ചുകൊണ്ടുതന്നെ പ്രതികരിച്ചിരുന്നു.കൂടാതെ ഇൻസ്റ്റഗ്രാമിലൂടെയും വിനീഷ്യസ് ലാലിഗയെ വിമർശിച്ചിരുന്നു.

ഏതായാലും താരത്തിന് പിന്തുണയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാന്റ് രംഗത്ത് വന്നിട്ടുണ്ട്. എന്തുകൊണ്ടാണ് വിനീഷ്യസിനെ ലാലിഗ സംരക്ഷിക്കാത്തത് എന്നാണ് ഇദ്ദേഹം ചോദിച്ചിട്ടുള്ളത്.മെസ്സി,നെയ്മർ,ക്രിസ്റ്റ്യാനോ ഉൾപ്പെടെയുള്ള ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങളുടെ ശ്രദ്ധ റിയോ ഇതിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

” തീർച്ചയായും വിനീഷ്യസിനെ സംരക്ഷിക്കേണ്ടതുണ്ട്.അദ്ദേഹത്തെ സംരക്ഷിക്കേണ്ടവർ എന്താണ് ചെയ്യുന്നത്? അദ്ദേഹത്തിനാണ് ഒടുവിൽ റെഡ് കാർഡ് ലഭിച്ചത്. ഈ യുവതാരം അധിക്ഷേപങ്ങൾക്ക് ഇരയാവുന്നത് നമ്മൾ എത്ര തവണ കണ്ടു? അദ്ദേഹത്തിന്റെ വേദന എനിക്ക് കാണാൻ സാധിക്കുന്നുണ്ട്. തീർച്ചയായും വിനീഷ്യസിന് സഹായം ആവശ്യമാണ്.പക്ഷേ അതോറിറ്റികൾ ഒന്നും ചെയ്യുന്നില്ല. ഈ വിഷയത്തിൽ അതോറിറ്റികൾ ശക്തമായ നടപടികൾ എടുക്കണം. നമ്മളെല്ലാവരും ഒത്തൊരുമിച്ച് വിനീഷ്യസിന്റെ നിലകൊള്ളണം ” ഇതാണ് ഇൻസ്റ്റഗ്രാമിൽ ഫെർഡിനാന്റ് കുറിച്ചിട്ടുള്ളത്.

മെസ്സി,ക്രിസ്റ്റ്യാനോ,എംബപ്പേ,നെയ്മർ,ഹാലന്റ് തുടങ്ങിയ ഫുട്ബോൾ ലോകത്തെ ഒരുപാട് സൂപ്പർതാരങ്ങളെ റിയോ ഫെർഡിനാന്റ് ഈ പോസ്റ്റിൽ മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏതായാലും നെയ്മർ ജൂനിയറും എംബപ്പേയും ഹക്കീമിയും റഫയേൽ ലിയാവോയുമൊക്കെ വിനീഷ്യസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. നിരവധി തവണ പരാതി നൽകിയിട്ടും നടപടികൾ ഒന്നും എടുക്കാത്തതിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് ലാലിഗ പ്രസിഡണ്ടായ ടെബാസിന് ഇപ്പോൾ ഏൽക്കേണ്ടി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!