ഒരു ദിവസം ഞങ്ങൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടും :പിഎസ്ജി സൂപ്പർ താരം പറയുന്നു!

ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കാത്ത ടീമാണ് പിഎസ്ജി. ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു നിരവധി സൂപ്പർതാരങ്ങളെ പിഎസ്ജി സ്വന്തം ടീമിലേക്ക് എത്തിച്ചേരുന്നത്.എന്നാൽ ഈ സീസണിലും അത് ഫലം കണ്ടിരുന്നില്ല.ബയേണിനോട് പരാജയപ്പെട്ടുകൊണ്ട് ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ തന്നെ പിഎസ്ജി പുറത്താവുകയായിരുന്നു.

ഏതായാലും ഇതേക്കുറിച്ച് പിഎസ്ജിയുടെ ഇറ്റാലിയൻ ഗോൾകീപ്പറായ ജിയാൻ ലൂയിജി ഡോണ്ണാരുമ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിനോടുള്ള അമിതമായ മോഹം നല്ലതല്ല എന്നാണ് ഡോണ്ണാരുമ പറഞ്ഞിട്ടുള്ളത്. ഒരു ദിവസം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം പിഎസ്ജി സ്വന്തമാക്കുമെന്നും ഡോണ്ണാരുമ ഉറപ്പ് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” തീർച്ചയായും ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു.അതിനുവേണ്ടി ഞങ്ങൾ പ്രവർത്തിക്കുകയും ചെയ്തിരുന്നു.പക്ഷേ ഒരിക്കലും ചാമ്പ്യൻസ് ലീഗ് എന്ന മോഹം അമിതമായി കൊണ്ടുനടക്കാൻ പാടില്ല.ഒരു ദിവസം ഞങ്ങൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടും എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.എന്തെന്നാൽ ഈ ക്ലബ്ബും ഇവിടുത്തെ ആരാധകരും അത് അർഹിക്കുന്നുണ്ട്. അതിലേക്ക് എത്താൻ വേണ്ടി ഞങ്ങൾ ഞങ്ങളെ കൊണ്ട് സാധ്യമായതെല്ലാം ചെയ്യും.നിർഭാഗ്യവശാൽ ഈ സീസണിൽ ഞങ്ങൾക്ക് അതിന് കഴിഞ്ഞില്ല.അടുത്ത സീസണിൽ ഞങ്ങൾ ഇതിനേക്കാൾ മികച്ച രൂപത്തിൽ കളിക്കും” ഇതാണ് പിഎസ്ജി ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഓക്സെറെയെ പിഎസ്ജി പരാജയപ്പെടുത്തിയത്. അടുത്ത ലീഗ് മത്സരത്തിൽ വിജയിച്ചാൽ ഇത്തവണത്തെ കിരീടവും സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!