ലൗറ്ററോ മെസ്സിക്കൊപ്പം ബാഴ്സയിൽ ചേരണമെന്ന് സ്കലോണി

ഇന്റർമിലാന്റെ അർജന്റൈൻ സൂപ്പർ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസിനെ കുറിച്ചുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് കുറച്ചു ദിവസങ്ങളായിട്ട് വാർത്തകളിൽ ഇടംനേടുന്നത്. താരത്തിന് ബാഴ്സയിലേക്ക് കൂടുമാറാൻ ആഗ്രമുണ്ടെന്നും ബാഴ്സക്കും താരത്തെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്. താരത്തെ സ്വന്തമാക്കാനുള്ള കഠിനപരിശ്രമങ്ങൾ ബാഴ്സ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണാതെ പോവുകയാണിപ്പോൾ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ബാഴ്സയുടെ സൂപ്പർ താരവും അർജന്റീനയിൽ ലൗറ്ററോയുടെ സഹതാരവുമായ ലയണൽ മെസ്സി താരത്തെ വാനോളം പുകഴ്ത്തിയിരുന്നു. ലൗറ്ററോ ബാഴ്സയിൽ എത്തുന്നത് തനിക്ക് തൃപ്തിയുള്ള കാര്യമാണെന്നും എന്നാൽ ട്രാൻസ്ഫർ വാർത്തകളെ കുറിച്ചുള്ള അറിവ് തനിക്കില്ലെന്നും മെസ്സി വ്യക്തമാക്കിയിരുന്നു.

ലൂയിസ് സുവാരസിന് പകരക്കാരനായാണ് ലൗറ്ററോയെ ബാഴ്സ നോട്ടമിട്ടിരിക്കുന്നത്. സ്ട്രൈക്കെർ റോളിൽ സുവാരസിനെ പോലെ തിളങ്ങാൻ ലൗറ്ററോക്കാവുമെന്നാണ് ബാഴ്സ വിശ്വസിക്കുന്നത്. റാകിറ്റിച്, ആർതുറോ വിദാൽ, സാമുവൽ ഉംറ്റിറ്റി എന്നിവരെ വെച്ച് കൈമാറ്റകച്ചവടത്തിന് ബാഴ്സ ശ്രമം നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടില്ല. എന്നാലിപ്പോഴിതാ ലൗറ്ററോ മാർട്ടിനെസ് ബാഴ്സയിൽ ചേരാൻ താൻ ആഗ്രഹിക്കുന്നുവെന്നും മെസ്സിക്കൊപ്പം ചേർന്നാൽ അത് അർജന്റീനക്ക് ഗുണം ചെയ്യുമെന്നും പ്രസ്താവിച്ചിരിക്കുകയാണ് പരിശീലകൻ ലയണൽ സ്കലോണി. ആർട്ടിവിഇക്ക് നൽകിയ അഭിമുഖത്തിലാണ് മെസ്സിയും ലൗറ്ററോയും ഒന്നിക്കണമെന്ന് താൻ ആഗ്രഹിക്കുന്നതായി സ്കലോണി വെളിപ്പെടുത്തിയത്.

” നിലവിലെ മികച്ച സ്ട്രൈക്കെർമാരിലൊരാളാണ് ലൗറ്ററോ. ഒട്ടേറെ മികച്ച ക്ലബുകൾക്ക് അദ്ദേഹത്തെ ആവിശ്യമുണ്ട്. നിലവിൽ വലിയൊരു ക്ലബിനോടൊപ്പം തന്നെയാണ് അദ്ദേഹം കളിക്കുന്നത്. അത്കൊണ്ട് തന്നെ അദ്ദേഹത്തെ ടീമിൽ എത്തിക്കുക എന്നുള്ളത് ബുദ്ദിമുട്ടേറിയ കാര്യമാണ്. മെസ്സിക്കൊപ്പം ബാഴ്സയിൽ ചേരാനായാൽ അത് ലൗറ്ററോ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ ഭാഗ്യമായിരിക്കും. രണ്ട് പേരും ഒരുമിച്ചാൽ അത് അർജന്റീനക്കും ഏറെ ഗുണകരമാവും. നല്ല ഭാവിയുള്ള അസാമാന്യതാരം തന്നെയാണ് ലൗറ്ററോ. ആഗ്രഹങ്ങൾ സഫലീകരിക്കാൻ കരുത്തുള്ള താരമാണ് അദ്ദേഹം. എനിക്ക് ലൗറ്ററോയുടെ കാര്യങ്ങളിൽ കൈകടത്തണമെന്നില്ല. പക്ഷെ അദ്ദേഹം ക്ലബ്‌ മാറുകയാണെങ്കിൽ അത് അദ്ദേഹത്തിന് ഗുണം ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” സ്കലോണി അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *