ലൗറ്ററോക്ക് വേണ്ടി പുതിയ ഓഫറുമായി ബാഴ്സ

ഇന്റർമിലാൻ സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസിന് വേണ്ടി ബാഴ്സ പുതിയ ഓഫറുമായി ക്ലബ്ബിനെ സമീപിച്ചതായി റിപ്പോർട്ട്‌. പ്രമുഖമാധ്യമമായ Cadena Ser ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എഴുപത് മില്യൺ യുറോ ക്യാഷും കൂടാതെ പ്രതിരോധനിര താരം ജൂനിയർ ഫിർപ്പോയെയുമാണ് ബാഴ്സ വാഗ്ദാനം ചെയ്തിരിക്കുന്നത്. ജൂനിയർ ഫിർപ്പോക്ക് നാല്പത്തിയൊന്ന് മില്യൺ യുറോ വിലമതിക്കുമെന്നാണ് ബാഴ്സയുടെ വാദമെന്ന് Cadena Ser പറയുന്നുണ്ട്. നിലവിൽ ലൗറ്ററോയുടെ 111 മില്യൺ യുറോ റിലീസ് ക്ലോസിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിലും അതേ തുകക്ക് തന്നെ താരത്തെ ക്യാമ്പ് നൗവിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ബാഴ്സ. പക്ഷെ ഈ ഓഫർ ഇന്റർമിലാൻ സ്വീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്. ജൂനിയർ ഫിർപ്പോ നാല്പത്തിയൊന്ന് മില്യൺ യുറോ വിലമതിക്കുന്നില്ലെന്നാണ് ഇന്ററിന്റെ അനുമാനം.

റയൽ ബെറ്റിസിൽ നിന്ന് പതിനെട്ട് മില്യൺ യുറോക്കായിരുന്നു താരം ബാഴ്സയിൽ എത്തിയത്. ഇരുപത്തിയൊന്ന് മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്. ഈ താരത്തെ നാല്പത്തിഒന്ന് മില്യൺ യുറോക്ക് ക്ലബിൽ എത്തിക്കേണ്ട ആവിശ്യമില്ല എന്നാണ് ഇന്റർ കണക്കുക്കൂട്ടുന്നത്. എന്നാൽ ലൗറ്ററോക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഉപേക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം ബാഴ്സ പ്രസിഡന്റ്‌ അറിയിച്ചിരുന്നു.എന്നാൽ ലൗറ്ററോയെ നിലനിർത്താനാണ് ഇന്റർമിലാനും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. താരത്തിന്റെ കരാർ പുതുക്കാനുള്ള ആവശ്യവുമായി ഇന്റർമിലാൻ ഏജന്റിനെ സമീപിച്ചതായി സ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർട്ടീവോ പുറത്തു വിട്ടിരുന്നു. അതേസമയം ലൗറ്ററോക്ക് വേണ്ടിയുള്ള പണം കണ്ടെത്താൻ ഫിലിപ്പെ കൂട്ടീഞ്ഞോയെ പെട്ടന്ന് വിൽക്കാനുള്ള ശ്രമങ്ങളും ബാഴ്സ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *