റിലീസ് ക്ലോസ് കാലാവധി അവസാനിക്കുന്നു, ലൗറ്ററോ മോഹം ബാഴ്സ ഉപേക്ഷിക്കേണ്ടി വരുമോ?

ഇന്റർമിലാന്റെ അർജന്റൈൻ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസിനെ ടീമിലെത്തിക്കാൻ ബാഴ്സ കിണഞ്ഞു പരിശ്രമിക്കുന്നു എന്നുള്ളത് പല മാധ്യമങ്ങളും പുറത്തുവിട്ട വാർത്തയാണ്. എന്നാൽ ഒട്ടുമിക്കതും ഫലം കാണാതെ പോവുന്നത് വലിയ തോതിൽ ബാഴ്സക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇന്ററിന് താരത്തെ കൈവിടാൻ മനസ്സില്ലെങ്കിലും ബാഴ്സ ജേഴ്സിയണിയാൻ ആഗ്രഹിക്കുന്ന താരമാണ് ലൗറ്ററോ. ഇതുകൊണ്ട് തന്നെ പലപ്പോഴും ഇരുക്ലബുകൾക്കും ധാരണയിൽ എത്താൻ കഴിയുന്നില്ല. താരത്തിന്റെ റിലീസ് ക്ലോസ് ആയ 99 മില്യൺ പൗണ്ട് (111 മില്യൺ യുറോ ) തികച്ചും കിട്ടാതെ താരത്തെ തരുന്ന പ്രശ്നമില്ലെന്ന് ദിവസങ്ങൾക്ക് മുൻപ് ഇന്റർ ഡയറക്ടർ പ്രസ്താവിച്ചിരുന്നു.കൂടാതെ താരകൈമാറ്റത്തിന് തങ്ങൾ തയ്യാറല്ല എന്നും ക്ലബ്‌ അറിയിച്ചിരുന്നു. ഈയൊരു അവസരത്തിൽ ബാഴ്സക്ക് താരത്തെ സ്വന്തമാക്കാനുള്ള ഏക വഴി എന്നുള്ളത് താരത്തിന്റെ റിലീസ് ക്ലോസായ 99 മില്യൺ പൗണ്ട് പണമായി നൽകുക എന്നതാണ്. അങ്ങനെ ആണേൽ ക്ലബിന് താല്പര്യം ഇല്ലെങ്കിൽ പോലും താരത്തെ നൽകാൻ ഇന്റർമിലാൻ നിർബന്ധിതരാകും. അതായത് റിലീസ് ക്ലോസ് നൽകാൻ ബാഴ്സ തയ്യാറായാൽ ലൗറ്ററോക്ക് സമ്മതമാണേൽ, ഇന്റർ നിർബന്ധമായും താരത്തെ ബാഴ്സക്ക് നൽകേണ്ടി വരും.

പക്ഷെ ബാഴ്സക്ക് മുന്നിലുള്ള ഈ വഴി കൂടി അടയാനാണ് ഇപ്പോൾ പോവുന്നത്. എന്തെന്നാൽ താരത്തിന്റെ റിലീസ് ക്ലോസായ 99 മില്യൺ പൗണ്ടിന്റെ കാലാവധി ഈ വരുന്ന ജൂലൈ ഏഴിന് അവസാനിക്കും. അതിന് ശേഷം ബാഴ്സക്ക് താരത്തെ സ്വന്തമാക്കാൻ പറ്റിയെന്നു വരില്ല. ലൗറ്ററോ നിർബന്ധം പിടിച്ചാലും താരത്തിന് കരാർ പ്രകാരം ക്ലബ്‌ വിടാനാവില്ല. മാത്രമല്ല താരത്തെ വിടാൻ ഇന്റർ ഉദ്ദേശിക്കുന്നില്ലെങ്കിൽ അടുത്ത കരാറിൽ താരത്തിന് ഭീമൻ തുക ഇന്റർ റിലീസ് ക്ലോസ് ആയി വെച്ച് അത് തടയുകയും ചെയ്യും. അപ്പോൾ നിലവിൽ ബാഴ്സക്ക് മുന്നിലുള്ള ഓപ്ഷൻ എന്നുള്ളത് ജൂലൈ ഏഴിന് മുൻപ് റിലീസ് ക്ലോസ് നൽകി താരത്തെ സ്വന്തമാക്കുക എന്നതാണ്. നിലവിലെ അവസ്ഥയിൽ അത് എത്രത്തോളം പ്രയോഗികമാണ് എന്നുള്ളത് സംശയമാണ്. കോവിഡ് പ്രതിസന്ധി മൂലം വലിയ തോതിലുള്ള വരുമാനം നിലച്ച ബാഴ്സ സാമ്പത്തികപ്രതിസന്ധി അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അത്കൊണ്ട് തന്നെ ബാഴ്സ ഉടനടി ഒരു തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ ലൗറ്ററോ മോഹം ഉപേക്ഷിക്കേണ്ടി വരുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ജൂലൈ ഏഴിന് റിലീസ് ക്ലോസ് അവസാനിക്കുന്ന വിവരം നൽകിയ ഇന്റർ സിഇഒ ബെപ്പെ മറോറ്റയാണ്. നിലവിൽ മൂന്നു വർഷം കൂടി ലൗറ്ററോക്ക് ഇന്ററിൽ കരാർ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *