റയൽ മാഡ്രിഡ്‌ താരങ്ങൾക്ക് പിന്നാലെ ആഴ്‌സണലും ചെൽസിയും

റയൽ മാഡ്രിഡ്‌ താരങ്ങൾക്ക് പിന്നാലെയാണ് ഇംഗ്ലീഷ് വമ്പൻമാരായ ചെൽസിയും ആഴ്‌സണലും. റയലിന്റെ ഓരോ യുവതാരങ്ങളെയാണ് ഇരുടീമുകളും നോട്ടമിട്ടിരിക്കുന്നത്. റയലിന്റെ മുന്നേറ്റനിര താരമായ ലൂക്കാസ് വാസ്‌കസിനെ ആഴ്‌സണൽ നോട്ടമിട്ടപ്പോൾ ചെൽസി കണ്ണുവെച്ചിരിക്കുന്നത് അഷ്‌റഫ്‌ ഹാക്കിമിയിലാണ്. എന്നാൽ ഈ രണ്ടു താരങ്ങളുടെയും ഭാവിയെ സംബന്ധിച്ച് റയൽ ഇത്വരെ തീരുമാനത്തിലെത്താത്തതിനാൽ ഇരുക്ലബിന്റെയും ഭാഗത്ത് നിന്ന് വലിയ നീക്കങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

റയലിന്റെ മുന്നേറ്റനിര താരമായ വാസ്‌കസിന് നിലവിൽ റയലിൽ അവസരങ്ങൾ കുറവാണ്. ആയതിനാൽ തന്നെ ക്ലബ്‌ വിടാൻ താരം ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. 2021 വരെ കരാർ ഉണ്ടെങ്കിലും ഒരുപക്ഷെ താരം ഈ ട്രാൻസ്ഫറിൽ കളംമാറാൻ സാധ്യതയുണ്ടെന്നാണ് ഡയാറിയോ എസ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അങ്ങനെ ആണെങ്കിൽ താരത്തെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ പരിശീലകൻ ഉനൈ എംറി ശ്രമിച്ചേക്കും. താരത്തിന് വേണ്ടി മുപ്പത്തിമൂന്ന് മില്യൺ വരെ മുടക്കാൻ ആഴ്‌സണൽ തയ്യാറാണെന്നാണ് എബിസി റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

അതേ സമയം റയലിന്റെ റൈറ്റ് ബാക്ക് താരമായ അഷ്‌റഫ്‌ ഹാക്കിമിയാണ് ചെൽസിയുടെ നോട്ടപ്പുള്ളി. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരം നിലവിൽ ബൊറൂസിയയിൽ ലോണിൽ ആണ് കളിക്കുന്നത്. എന്നാൽ ഈ സീസണോടെ താരത്തിന്റെ ലോൺ കാലാവധി തീരും. താരത്തെ സ്വന്തമാക്കാൻ ബയേണും ബൊറൂസിയയും ശ്രമിക്കുന്ന ഈ അവസരത്തിലാണ് ചെൽസിയുടെ രംഗപ്രവേശനം. എന്നാൽ താരത്തെ വിട്ടുനൽകരുതെന്ന ആരാധകരുടെ ആവിശ്യം റയൽ പരിഗണിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. താരത്തിൽ ഫ്രാങ്ക് ലംപാർഡ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ട്‌ ചെയ്തത് ദി മിറർ ആണ്. റയൽ താരത്തെ വിടുകയാണെങ്കിൽ ചെൽസിയുമുണ്ടാവും താരത്തിന് വേണ്ടി ട്രാൻസ്ഫർ മാർക്കെറ്റിൽ.

Leave a Reply

Your email address will not be published. Required fields are marked *