റയൽ മാഡ്രിഡിന്റെ മറ്റൊരു സൂപ്പർ താരത്തിന് കൂടി പരിക്ക്, രണ്ടാഴ്ച്ച നഷ്ടമായേക്കും !

നിലവിൽ റയൽ മാഡ്രിഡിന്റെ സൂപ്പർ താരങ്ങളായ ഈഡൻ ഹസാർഡ്, മാർക്കോ അസെൻസിയോ, മാഴ്‌സെലോ എന്നിവർ പരിക്കിന്റെ പിടിയിലാണ്. മൂവരും പരിക്കിൽ നിന്നും മുക്തരായി കൊണ്ടിരിക്കെ മറ്റൊരു സൂപ്പർ താരത്തിന് കൂടി പരിക്കേറ്റതാണ് റയൽ മാഡ്രിഡിനിപ്പോൾ തിരിച്ചടിയായിരിക്കുന്നത്. മധ്യനിര താരം ടോണി ക്രൂസിനാണ് ഇപ്പോൾ പരിക്ക് സ്ഥിരീകരിച്ചിരിക്കുന്നത്. റയൽ മാഡ്രിഡ്‌ തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ച്ചയോളം താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മസിൽ ഇഞ്ചുറിയാണ് താരത്തിന് പിടിപ്പെട്ടിരിക്കുന്നത്. റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ ആണ് താരത്തിന് പരിക്കേറ്റത്. തുടന്ന് ക്രൂസിനെ പിൻവലിക്കുകയും മോഡ്രിച്ചിനെ കളത്തിലിറക്കുകയും ചെയ്തിരുന്നു.

താരത്തിന്റെ ഇടതുകാലിലെ പരിക്ക് മാറാൻ പത്തു മുതൽ പതിനാലു ദിവസം വരെ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതോടെ റയൽ വല്ലഡോലിഡ്, ലെവാന്റെ എന്നീ ടീമുകൾക്കെതിരെയുള്ള മത്സരം താരത്തിന് നഷ്ടമായേക്കും. എന്നാൽ ജർമ്മനിക്ക് വേണ്ടിയുള്ള മത്സരത്തിൽ തിരിച്ചെത്താനാണ് താരം ശ്രമിക്കുന്നത്. തുർക്കി, ഉക്രൈൻ, സ്വിറ്റ്സർലാന്റ് എന്നീ ടീമുകൾക്കെതിരെയാണ് ജർമ്മനി അടുത്ത മാസം കളിക്കുന്നത്. എന്നാൽ താരത്തെ വെച്ച് ഒരു റിസ്ക്ക് എടുക്കാൻ പരിശീലകൻ ജോക്കിം ലോ തയ്യാറാവുമോ എന്നുറപ്പില്ല. ഏതായാലും താരം എത്രയും പെട്ടന്ന് തന്നെ തിരിച്ചെത്തണേ എന്നാണ് റയൽ ആരാധകരുടെ പ്രാർത്ഥന. കഴിഞ്ഞ മത്സരത്തിൽ 3-2 ന് റയൽ മാഡ്രിഡ്‌ ബെറ്റിസിനെ പരാജയപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *