മെസ്സി ബാഴ്സയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് റാമോസ് !

എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സയിൽ തുടരുന്നതാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് റയൽ മാഡ്രിഡ്‌ സൂപ്പർ താരവും നായകനുമായ സെർജിയോ റാമോസ്. ഇന്നലെ നടന്ന പ്രെസ്സ് കോൺഫറൻസിൽ ആണ് റാമോസ് തന്റെ ചിരവൈരികളുടെ പ്രധാനതാരത്തെ പറ്റി സംസാരിക്കാൻ സമയം കണ്ടെത്തിയത്. മെസ്സിയുടെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു റാമോസ്. മെസ്സിക്ക് ക്ലബ് വിടാനുള്ള തീരുമാനം കൈക്കൊള്ളാനുള്ള അവകാശം അദ്ദേഹം നേടിയിട്ടുണ്ടെന്നും എന്നാൽ സ്പാനിഷ് ഫുട്ബോളിന്റെയും ബാഴ്സയുടെയും ഞങ്ങളുടെയും നല്ലതിന് വേണ്ടി മെസ്സി ബാഴ്‌സയിൽ തന്നെ തുടരുന്നത് കാണാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും റാമോസ് കൂട്ടിച്ചേർത്തു. റാമോസിന് പുറമെ ടോണി ക്രൂസും ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരുന്നു. ബാഴ്സ മെസ്സിയെ വിടാൻ അനുവദിച്ചാൽ ബാഴ്സയുടെ ഏറ്റവും വലിയ ആയുധമാണ് നഷ്ടപ്പെടാൻ പോവുന്നത് എന്നായിരുന്നു ക്രൂസ് അറിയിച്ചത്.

റാമോസ് ഇന്നലെ മെസ്സിയെ കുറിച്ച് പരാമർശിച്ചത് ഇങ്ങനെയായിരുന്നു. ” മെസ്സിയുടെ വിഷയത്തെ കുറിച്ചുള്ള കാര്യങ്ങൾ ഒരിടത്തേക്ക് മാറ്റിവെക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. കാരണം അത്‌ ഞങ്ങളെ ബാധിക്കുന്ന ഒന്നല്ല. എന്നിരുന്നാലും മെസ്സിയുടെ ഭാവി തീരുമാനിക്കാനുള്ള അവകാശം അദ്ദേഹം നേടിയിട്ടുണ്ട്. പക്ഷെ അദ്ദേഹം തെറ്റായ സമയത്താണോ ഈ തീരുമാനം എടുക്കുന്നത് എന്ന് എനിക്കറിയില്ല. സ്പാനിഷ് ഫുട്ബോളിന് വേണ്ടിയും ബാഴ്സക്ക് വേണ്ടിയും ഞങ്ങൾക്ക് വേണ്ടിയും അദ്ദേഹം ഇവിടെ തുടരുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു. എന്തെന്നാൽ മികച്ചതിനെ തോൽപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മെസ്സി അദ്ദേഹത്തിന്റെ ടീമിനെയും എൽ ക്ലാസിക്കോയെയും കൂടുതൽ മികച്ചതാക്കുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് കാത്തിരുന്നു കാണാം. വ്യക്തിപരമായി ഇത് എന്നെ ബാധിക്കുന്ന ഒന്നല്ല ” റാമോസ് പ്രെസ്സ് കോൺഫറൻസിൽ പറഞ്ഞു. ഇന്ന് നടക്കുന്ന ജർമ്മനി vs സ്പെയിൻ മത്സരത്തിൽ റാമോസ് കളത്തിലിറങ്ങുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *