മെസ്സിയുടെ പിതാവ് ബാഴ്സലോണയിൽ, ആദ്യപ്രതികരണം പുറത്ത് !

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച്ചക്ക് വേണ്ടി മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഗെ മെസ്സി ബാഴ്സലോണയിൽ എത്തി. ഇന്ന് (ബുധൻ) രാവിലെയാണ് അദ്ദേഹം ബാഴ്സലോണയിൽ പറന്നിറങ്ങിയത്. 8:45 ബാഴ്സലോണയിൽ എത്തിയ അദ്ദേഹം പതിനഞ്ചു മിനുട്ടിന് ശേഷം താമസസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. ജന്മനാടായ റൊസാരിയോയിൽ നിന്നാണ് അദ്ദേഹം ബാഴ്സലോണയിലേക്ക് മടങ്ങിയെത്തിയത്. നിരവധി മാധ്യമ പ്രവർത്തകരാണ് അദ്ദേഹത്തെ കാത്തുനിന്നിരുന്നത്. എന്നാൽ മാധ്യമപ്രവർത്തകരോട് കൂടുതൽ നേരം സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല. വളരെ കുറഞ്ഞ വാക്കുകൾ ഉപയോഗിച്ച് കൊണ്ട് അദ്ദേഹം മാധ്യമപ്രവർത്തകരിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. എനിക്കൊന്നുമറിയില്ല എന്നാണ് അദ്ദേഹം ഇക്കാര്യങ്ങളോട് പ്രതികരിച്ചത്.

” എനിക്കൊന്നും അറിയില്ല. ഇതല്പം ബുദ്ദിമുട്ടേറിയ ഒന്നാണ്. ഞാൻ ഇതുവരെ ഗ്വാർഡിയോളയുമായി സംസാരിച്ചിട്ടില്ല ” ഇത് മാത്രമാണ് അദ്ദേഹം മാധ്യമപ്രവർത്തകരെ അറിയിച്ചത്. മെസ്സിയുടെ ട്രാൻസ്ഫർ സംബന്ധിച്ച വളരെ നിർണായകമായ കൂടികാഴ്ച്ചയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. മെസ്സിയെ പ്രതിനിധീകരിച്ചു കൊണ്ട് പിതാവും ക്ലബ്ബിന്റെ ഭാഗത്തു നിന്ന് പ്രസിഡന്റ്‌ ബർതോമ്യുവും തമ്മിലാണ് ചർച്ചകൾ നടക്കുന്നത്. ക്ലബ് വിടണമെന്ന മെസ്സിയുടെ നിലപാട് പിതാവ് ക്ലബ്ബിനെ അറിയിച്ചേക്കും. എന്നാൽ കരാർ പുതുക്കുന്നതിനെ കുറിച്ച് സംസാരിക്കാം എന്നാണ് ബർതോമ്യുവിന്റേയും ബാഴ്സയുടെയും നിലപാട്. അതിനാൽ തന്നെ കൂടിക്കാഴ്ച്ചയിലെ അന്തിമ തീരുമാനം ആരുടെ ഭാഗത്തേക്കാണ് അനുകൂലമാവുക എന്ന ആകാംക്ഷയിലാണ് ആരാധകർ നിലകൊള്ളുന്നത്. ഇന്ന് ഉച്ചക്ക് ശേഷമാണ് കൂടിക്കാഴ്ച്ച നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *