മെസ്സിയുടെ പകരക്കാരൻ ജർമ്മൻ വണ്ടർ കിഡ്, നിർദ്ദേശവുമായി ബാഴ്സ ഇതിഹാസം !

സൂപ്പർ താരം ലയണൽ മെസ്സിയുടെ പകരക്കാരനായി ജർമ്മൻ വണ്ടർകിഡിനെ ബാഴ്‌സ സൈൻ ചെയ്യണമെന്ന നിർദേശവുമായി മുൻ ഇതിഹാസതാരം സാമുവൽ ഏറ്റു. ജർമ്മനിയുടെ ഭാവി വാഗ്ദാനമായ യൂസുഫ മൗകോക്കോയെയാണ് ബാഴ്സ ഇനി ക്ലബ്ബിൽ എത്തിക്കേണ്ടത് എന്നാണ് ഇദ്ദേഹം നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗോളിന് നൽകിയ അഭിമുഖത്തിലാണ് ഏറ്റു ഇക്കാര്യം അറിയിച്ചത്. കൂടാതെ കിലിയൻ എംബാപ്പെയെയും ബാഴ്സ ടീമിൽ എത്തിക്കാൻ ശ്രമിക്കണമെന്ന് താരം ഉപദേശിച്ചിട്ടുണ്ട്. നിലവിൽ പതിനഞ്ച് വയസ്സുള്ള മൗകോക്കോ ബൊറൂസിയ ഡോർട്മുണ്ടിന്റെ താരമാണ്. ഡോർട്മുണ്ട് അവരുടെ ചാമ്പ്യൻസ് ലീഗ് സ്‌ക്വാഡിൽ താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ ഇരുപതിനാണ് താരത്തിന് പതിനാറ് വയസ്സ് തികയുക. അതുവരെ താരത്തിന് ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിക്കില്ല. ഇതുവരെ ബൊറൂസിയക്ക് വേണ്ടി സീനിയർ അരങ്ങേറ്റം കുറിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. കാമറൂണിലാണ് താരം ജനിച്ചതെങ്കിലും താരം ജർമ്മനിയെ പ്രതിനിധീകരിക്കുന്നത്. ഈ താരത്തെ ക്ലബ്ബിൽ എത്തിക്കണമെന്നാണ് ഏറ്റുവിന്റെ ആവിശ്യം.

” ഡോർട്മുണ്ടിൽ കളിക്കുന്ന ഒരു യുവപ്രതിഭയുണ്ട്. അദ്ദേഹത്തിന്റെ പേര് യൂസുഫ മൗകോക്കു എന്നാണ്. ബാഴ്‌സയുടെ അടുത്ത ഏറ്റവും വലിയ സൈനിങ്‌ ആയി ഞാൻ കാണാൻ ആഗ്രഹിക്കുന്നത് ഈ താരത്തെയാണ്. അദ്ദേഹത്തിന് പതിനഞ്ചു വയസ്സേയൊള്ളൂ. എന്നെ സംബന്ധിച്ചെടുത്തോളം മെസ്സിക്ക് ശേഷം ഏറ്റവും ടോപ് താരം ഇദ്ദേഹമായിരിക്കും. മെസ്സിക്ക് പ്രായമേറി വരികയാണ്. നമ്മൾ ബാഴ്സയുടെ ഭാവിക്ക് വേണ്ടി നല്ല രീതിയിൽ തയ്യാറാവേണ്ടതുണ്ട്. അന്റോയിൻ ഗ്രീസ്‌മാൻ, മൗകോക്കു എന്നിവർക്കൊപ്പം മുന്നേറ്റനിരയിൽ ഉണ്ടായാൽ ടീം മികച്ച രീതിയിൽ മുന്നോട്ട് പോവും. കൂടെ കിലിയൻ എംബാപ്പെയെയും ബാഴ്സയിൽ എത്തിക്കാണാൻ ഞാൻ ആഗ്രഹിക്കുന്നു ” ഏറ്റു പറഞ്ഞു. മൗകോക്കു ഇതുവരെ ജർമ്മനിയുടെ അണ്ടർ 17, 15 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ബൊറൂസിയയുടെ അണ്ടർ 19, 17 ടീമുകൾക്ക് വേണ്ടി കളിച്ച താരം 86 മത്സരങ്ങളിൽ നിന്ന് 134 ഗോളുകൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *