മെസ്സിയും ക്രിസ്റ്റ്യാനോയും യുവന്റസിൽ ഒരുമിച്ച് കളിക്കുന്നത് പലരും സ്വപ്നം കണ്ടുതുടങ്ങിയെന്ന് റിവാൾഡോ

കഴിഞ്ഞ പത്തുപന്ത്രണ്ടുവർഷമായി ഫുട്ബോൾ ലോകം അടക്കിഭരിക്കുന്ന ഇതിഹാസങ്ങളാണ് മെസ്സിയും ക്രിസ്റ്റ്യാനോയും എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. സംശയമുള്ളത് ആരാണ് മികച്ചത് എന്ന കാര്യത്തിൽ മാത്രമാണ്. എന്നാൽ ഇരുതാരങ്ങളും ഒരു ക്ലബിൽ കളിച്ചാൽ എങ്ങനെ ഉണ്ടായിരിക്കുമെന്ന് ആലോചിക്കാത്ത ഫുട്ബോൾ പ്രേമികൾ വളരെ വിരളമായിരിക്കും. ഈ കാര്യം തന്നെയാണ് ബ്രസീലിയൻ ഇതിഹാസം റിവാൾഡോക്കും പറയാനുള്ളത്. മെസ്സി ബാഴ്സ വിടുമെന്ന അഭ്യൂഹങ്ങൾ പരന്നതോടെയാണ് റിവാൾഡോ മെസ്സിയും റൊണാൾഡോയും ഒരുമിച്ച് കളിക്കുന്നതിനെ പറ്റി മനസ്സ് തുറന്നത്. മെസ്സിയും ക്രിസ്റ്റ്യാനോയും യുവന്റസിൽ ഒരുമിച്ച് കളിക്കുന്നത് പല ഏജന്റുമാരും സ്വപ്നം കണ്ടുതുടങ്ങിയെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. അങ്ങനെ സംഭവിച്ചാൽ ഫുട്ബോൾ ലോകം സ്ഫോടനാത്മകമായ അവസ്ഥയിലൂടെയായിരിക്കും കടന്നു പോവുകയെന്നും മുൻ ബാഴ്സ താരവും കൂടിയായ റിവാൾഡോ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ സാധ്യതകളെ കുറിച്ച് സംസാരിച്ചത്.

” നിലവിലെ ഈ ഊഹാപോഹങ്ങൾ വെച്ച് നോക്കുമ്പോൾ, മെസ്സിയും ക്രിസ്റ്റ്യാനോയും ഒരുമിച്ച് യുവന്റസിൽ കളിക്കുന്നത് പല ഏജന്റുമാരും സ്വപ്നം കണ്ടു തുടങ്ങിയെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ സംഭവിച്ചാൽ അതത്രത്തോളം വലിയ കാര്യമായിരിക്കും എന്നതിനെ പറ്റിയും ഇവർ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. മെസ്സിയും ക്രിസ്റ്റ്യാനോയും ഒരുമിച്ചാൽ ഫുട്ബോൾ ലോകം കടന്നു പോവുന്നത് ഒരു സ്ഫോടനാത്മകമായ ഒരു അവസ്ഥയിലൂടെയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. മെസ്സിയെ ടീമിലെത്തിക്കാൻ യുവന്റസ് എന്തൊക്കെ ചിലവഴിച്ചാലും അത് ഉടനടി തന്നെ ക്ലബിന് തിരിച്ചെടുക്കാൻ സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിന് പുറമെ യുവന്റസിന് അത്രയധികം വിസിബിലിറ്റിയും മാർക്കറ്റിംഗും ലഭിച്ചതിന് ക്ലബ്‌ മെസ്സിയോട് നന്ദി പറയേണ്ടി വന്നേക്കും ” റിവാൾഡോ പറയുന്നു.

” അതെങ്ങാനും സംഭവിച്ചാൽ പുതിയൊരു ചരിത്രമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. യുവന്റസിന്റെ സ്പോൺസർമാർ മെസ്സിയെ ടീമിലെത്തിക്കാൻ വേണ്ടി ക്ലബ്ബിനെ സാമ്പത്തികമായി സഹായിക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.കാരണം അവരത് ഇഷ്ടപ്പെടുന്നുണ്ട്. അത്കൊണ്ട് തന്നെ സാധ്യതകൾ ഞാൻ കാണുന്നുണ്ട്. മെസ്സി ബാഴ്സ വിടുമെന്ന അഭ്യൂഹങ്ങൾ പരന്നതോടെ താരത്തെ സൈൻ ചെയ്യാൻ കൊതിക്കാത്ത ഒരൊറ്റ ക്ലബ് പോലും നിലവിലുണ്ടാവില്ല. കഴിഞ്ഞ പത്തു വർഷത്തോളമായി ലോകത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങൾ ഒരു ക്ലബിൽ ഒരുമിച്ചാൽ അതൊരു വലിയ തോതിലുള്ള മുന്നേറ്റമായിരിക്കും ” റിവാൾഡോ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസങ്ങളിൽ മെസ്സി ബാഴ്സ വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. സ്പാനിഷ് മാധ്യമമായ cadena Ser ആയിരുന്നു അടുത്ത സീസണോടെ മെസ്സി ക്ലബ്‌ വിടാൻ ആലോചിക്കുന്നുണ്ടെന്ന് റിപ്പോർട്ട്‌ ചെയ്തത്. ഇതോടെ ഫുട്ബോൾ ലോകത്ത് ഈ വാർത്ത വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു. മെസ്സി ഇതുവരെ കരാർ പുതുക്കാൻ തയ്യാറാവാത്തത് ഇതുകൊണ്ടാണ് എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിരുന്നു. ബാഴ്സയുടെ നിലവിലെ അവസ്ഥയിൽ മെസ്സി അതൃപ്തനാണെന്നും ബാഴ്സ പരിശീലകരോടും ബോർഡിനോടും മെസ്സിക്ക് അഭിപ്രായവിത്യാസങ്ങൾ ഉണ്ടെന്നുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഏതായാലും വലിയ തോതിലുള്ള ചർച്ചകൾ ആണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *