ബാഴ്സ സ്‌ക്വാഡ് ഒന്നടങ്കം തീരുമാനിച്ചു, മെസ്സി തന്നെ ടീമിന്റെ ക്യാപ്റ്റൻ !

ഈ വരുന്ന സീസണിലും എഫ്സി ബാഴ്സലോണയെ ലയണൽ മെസ്സി തന്നെ നയിക്കുമെന്നുറപ്പായി. ഇന്നലെയാണ് ബാഴ്സ സ്‌ക്വാഡ് ഒന്നടങ്കം മെസ്സിയെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുത്തത്. ഇതോടെ അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമം കുറിച്ച് കൊണ്ട് ഒരിക്കൽ കൂടി മെസ്സി ക്യാപ്റ്റന്റെ ആം ബാൻഡ് അണിയും. ബാഴ്‌സയിലെ അംഗങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ബാഴ്‌സയുടെ നായകനെ കണ്ടെത്തി. ബാഴ്സ സ്‌ക്വാഡ് മുഴുവനും മെസ്സിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. സെർജിയോ ബുസ്ക്കെറ്റ്സ്, ജെറാർഡ് പിക്വേ, സെർജി റോബർട്ടോ എന്നിവരാണ് ഇനി മെസ്സിയുടെ അഭാവത്തിൽ ക്യാപ്റ്റൻ സ്ഥാനം വഹിക്കുക. ബാഴ്സയുടെ വൈസ് ക്യാപ്റ്റൻ ആയി സെർജിയോ ബുസ്ക്കെറ്റ്സ് തുടരും. ഇന്നലെ നടന്ന ജിംനാസ്റ്റിക്കിനെതിരായ മത്സരത്തിലും മെസ്സി തന്നെയാണ് ബാഴ്സയെ നയിച്ചത്. ആൻഡ്രസ് ഇനിയേസ്റ്റ ക്ലബ് വിട്ടതിന് ശേഷം മെസ്സി തന്നെ ബാഴ്സയുടെ ക്യാപ്റ്റന്റെ ആം ബാൻഡ് അണിയൽ.

ഈ സീസണിൽ മെസ്സിയെ ക്യാപ്റ്റനാക്കുമോ എന്ന ചെറിയ സംശയങ്ങൾ ഉരുത്തിരിഞ്ഞു വന്നിരുന്നു. പ്രത്യേകിച്ച് മെസ്സി ബാഴ്സ വിടാൻ ആഗ്രഹം പ്രകടിപ്പിച്ച ഈ സാഹചര്യത്തിൽ മെസ്സിയെ കൂമാൻ ക്യാപ്റ്റനാക്കുമോ എന്നത് സംശയത്തിലായിരുന്നു. എന്നാൽ സംശയങ്ങളെ കാറ്റിൽപറത്തി കൊണ്ട് ബാഴ്സ മെസ്സിയെ തന്നെ ക്യാപ്റ്റനാക്കുകയായിരുന്നു. അതേ സമയം മെസ്സി ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കും എന്ന കിംവദന്തിയുമുണ്ടായിരുന്നു. ബാഴ്സയുടെ മോശം പ്രകടനങ്ങളും തോൽവിയും മെസ്സിയെ മനം മടുപ്പിച്ചെന്നും മെസ്സി ക്യാപ്റ്റൻ സ്ഥാനത്ത് തുടരില്ല എന്നുമായിരുന്നു വാർത്തകൾ. എന്നാൽ ഇതെല്ലാം ഇന്നലത്തോട് കൂടി നീങ്ങികിട്ടി. ഇരുപത്തിയേഴാം തിയ്യതിയാണ് ബാഴ്സ കളത്തിലേക്കിറങ്ങുന്നത്. വിയ്യാറയലാണ് ബാഴ്സയുടെ എതിരാളികൾ. കഴിഞ്ഞ തവണ കൈവിട്ടു പോയ കിരീടം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് മെസ്സിയും സംഘവും.

Leave a Reply

Your email address will not be published. Required fields are marked *