ബറോഫാക്സ് അയക്കാൻ മെസ്സിക്ക് ഉപദേശം നൽകിയെന്ന് കരുതുന്ന നിയമസമിതിയെ ബാഴ്സ പുറത്താക്കി !

ദിവസങ്ങൾക്ക് മുമ്പാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ട് തനിക്ക് ക്ലബ് വിടണമെന്ന് മെസ്സി ബാഴ്സയെ അറിയിച്ചത്. സ്പെയിനിലെ റജിസ്റ്റർഡ് ലെറ്റർ ആയ ബറോഫാക്സ് വഴിയാണ് മെസ്സി ഇക്കാര്യം ക്ലബ്‌ അധികൃതരെ അറിയിച്ചത്. തനിക്ക് ക്ലബ് വിടാൻ അനുമതി നൽകണമെന്നും ജൂൺ പത്തിന് അവസാനിച്ച ഫ്രീ റിലീസ് ക്ലോസ് നീട്ടിതരണമെന്നുമായിരുന്നു കത്തിൽ ഉണ്ടായിരുന്നത്. കോവിഡ് കാരണം സീസൺ വൈകി അവസാനിച്ചതിനാൽ അതിന് അർഹതയുണ്ട് എന്നുമായിരുന്നു മെസ്സിയുടെ വക്കീൽ വിഭാഗം അറിയിച്ചത്. എന്നാൽ മെസ്സിയുടെയും ബാഴ്സലോണ ക്ലബ്ബിന്റെയും ഉപദേശക-നിയമസമിതി ഒന്നായിരുന്നു. അതായത് ഈ സമിതിയാണ് മെസ്സിയോട് ബറോഫാക്സ് അയക്കാൻ നിർദേശം നൽകിയത് എന്നാണ് ബാഴ്സയുടെ കണ്ടെത്തൽ.

തുടർന്ന് ഈ നിയമസമിതിയെ ബാഴ്സ കഴിഞ്ഞ ദിവസം പുറത്താക്കുകയായിരുന്നു. ക്ലബിനോട് വഞ്ചന കാണിച്ചു എന്നാണ് ഈ സമിതിയെ പിരിച്ചു വിടാനുള്ള കാരണമായി ബാഴ്സ അധികൃതർ അറിയിച്ചിട്ടുള്ളത്. മെസ്സിയുടെയും ബാഴ്സയുടെയും ഈ ലോ ഫേം ഒന്നായതാണ് അവർക്ക് തിരിച്ചടിയായത്. വർഷങ്ങളായിട്ട് ബാഴ്സയിൽ പ്രവർത്തിച്ചു വരുന്ന ഒന്നാണിത്. മുമ്പ് സൂപ്പർ താരം നെയ്മർ ജൂനിയറുമായുള്ള പ്രശ്നത്തിലും ഇവർ തന്നെയായിരുന്നു കാര്യങ്ങൾ നോക്കിനടത്തിയിരുന്നത്. ഏതായാലും കാര്യങ്ങൾ കൂടുതൽ വഷളാവുന്ന സ്ഥിതിയിലേക്കാണ് പോയികൊണ്ടിരിക്കുന്നത്. മെസ്സി പിസിആർ ടെസ്റ്റിന് എത്താത്തത് വലിയ പുകിലുകൾ സൃഷ്ടിക്കാൻ കാരണമായേക്കും. മെസ്സി പരിശീലനത്തിൽ പങ്കെടുത്തിട്ടില്ലെങ്കിൽ ബാഴ്സക്ക് സസ്‌പെൻഷൻ നൽകാനും പിഴ ചുമത്താനും വകുപ്പുണ്ട്. അങ്ങനെയെങ്ങാനും സംഭവിച്ചാൽ അത്‌ ക്ലബിന് തിരിച്ചടിയാവുമെന്നാണ് കണക്കുകൂട്ടലുകൾ.

Leave a Reply

Your email address will not be published. Required fields are marked *