പെനാൽറ്റി ആദ്യമായി അസിസ്റ്റ് നൽകിയത് മെസ്സി യോ? ചരിത്രം ഇതാണ്
പെനാൽറ്റിയിൽ നിന്നും അസിസ്റ്റ് നൽകുക എന്നത് ഫുട്ബോൾ ലോകത്ത് അപൂർവ്വമായി സംഭവിക്കുന്ന കാര്യമാണ്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തുടരെ ഇത്തരം സംഭവങ്ങൾ ഉണ്ടായതിനാൽ ഫുട്ബോൾ പ്രേമികൾ ഇത് ചർച്ച ചെയ്യുക എന്നത് സ്വാഭാവികവുമാണ്. ലാ ലിഗയിൽ റയൽ മാഡ്രിഡ് vs വിയ്യാറയൽ മത്സരത്തിൽ സെർജിയോ റാമോസ് കരീം ബെൻസീമക്ക് പെനാൽറ്റിയിൽ നിന്നും അസിസ്റ്റ് നൽകാൻ ശ്രമിച്ചിരുന്നു. ബെൻസീമ അതു വലയിലെത്തിച്ചെങ്കിലും റഫറി റീടേക്ക് ആവശ്യപ്പെട്ടതിനാൽ ആ ശ്രമം വിജയിച്ചില്ല. കഴിഞ്ഞ ദിവസം നടന്ന PSG vs വാസ്ലാൻ്റ് ബെവെറെൻ സൗഹൃദ മത്സരത്തിൽ നെയ്മർ മൗറോ ഇക്കാർഡിക്ക് ഇത്തരത്തിൽ ഒരു അസിസ്റ്റ് നൽകുകയും ഇക്കാർഡി ഗോൾ നേടുകയും ചെയ്തു. ഈ ഗോൾ കണ്ട പലരും 4 വർഷങ്ങൾക്ക് മുമ്പ് മെസ്സി സുവാരസിന് പെനാൽറ്റിയിലൂടെ നൽകിയ അസിസ്റ്റ് ഓർത്തെടുത്തിട്ടുണ്ടാവും. എന്നാൽ ഇത്തരത്തിൽ പെനാൽറ്റിയിൽ നിന്നും അസിസ്റ്റ് നൽകുന്ന ആദ്യ താരം മെസ്സിയല്ല എന്നതാണ് ചരിത്രം.
രേഖപ്പെടുത്ത ചരിത്രത്തിൽ 1957ൽ ആണ് ഇത്തരമൊരു പെനാൽറ്റി അസിസ്റ്റ് ആദ്യമായി നടക്കുന്നത്. 1957ൽ നടന്ന ഒരു ബെൽജിയം vs ഐസ്ലാൻ്റ് അന്താരാഷ്ട്ര മത്സരത്തിൽ ബെൽജിയത്തിൻ്റെ റിക്ക് കോപ്പൻസും അന്ദ്രേ പീറ്റേഴ്സുമാണ് ഇങ്ങനെ പെനാൽറ്റിയെടുക്കുന്നത്. വ്യഖ്യാതമായ യൊഹാൻ ക്രൈഫിൻ്റെ പെനാൽറ്റി പിറക്കുന്നത് 1982ൽ ആണ്. ക്രൈഫും സഹതാരം ജെസ്പെർ ഒൽസെനും ചേർന്ന് അയാക്സിന് വേണ്ടിയാണ് ഇത്തരത്തിൽ പെനാൽറ്റിയിൽ നിന്നും ഗോൾ നേടിയത്.
വീഡിയോ റിപ്പോർട്ട് കാണാനായി താഴെ തന്നിരിക്കുന്ന വീഡിയോ പ്ലേ ചെയ്യൂ.