നെയ്മർ മോഹം ഉപേക്ഷിക്കാതെ പെരെസും റയൽ മാഡ്രിഡും
ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർ ജൂനിയർക്ക് വേണ്ടിയുള്ള മോഹവും ശ്രമങ്ങളും റയൽ മാഡ്രിഡും പെരെസും ഉപേക്ഷിച്ചിട്ടില്ലെന്ന് താരത്തിന്റെ മുൻ ഏജന്റ്. നെയ്മറെ സൈൻ ചെയ്യാനാവും എന്ന പ്രതീക്ഷയോടെ തന്നെയാണ് റയൽ പ്രസിഡന്റ് പെരെസ് ഇപ്പോഴുമുള്ളതെന്ന് നെയ്മറുടെ ഏജന്റ് ആയിരുന്ന വാഗ്‌നെർ റിബെയ്റോ. കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിലാണ് നെയ്മർക്ക് വേണ്ടിയുള്ള ശ്രമങ്ങൾ റയൽ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചത്.
” സാന്റോസിൽ ആയിരുന്ന സമയത്ത് നെയ്മർക്ക് ആവിശ്യം ബാഴ്സയായിരുന്നു. ഞാൻ അദ്ദേഹത്തെ റയലിൽ എത്തിക്കാൻ അന്ന് ശ്രമിച്ചിരുന്നു. മൂന്ന് റയൽ മാഡ്രിഡ് ഡയറക്ടർമാരെ അദ്ദേഹത്തിന് പക്കൽ എത്തിച്ചിരുന്നു. അവർ നെയ്മറെയും അദ്ദേഹത്തിന്റെ പിതാവിനെയും സമീപിച്ച് റയലിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ അന്ന് അദ്ദേഹം മനസ്സിന് ഇഷ്ടമുള്ള കാര്യം ചെയ്തു. അദ്ദേഹം ബാഴ്സയിലേക്ക് പോയി. കഴിഞ്ഞ വർഷം മെയ് മാസത്തിൽ പെരസുമായി ഞാൻ സംസാരിച്ചിരുന്നു. അന്നും അദ്ദേഹം നെയ്മറെ ടീമിൽ എത്തിക്കാനുള്ള താല്പര്യങ്ങൾ തുറന്നുപറഞ്ഞിരുന്നു ” അദ്ദേഹം പറഞ്ഞു. നിലവിൽ നെയ്മർ ബാഴ്സയിലേക്ക് തിരിച്ചുവരുമെന്ന ഊഹാപോഹങ്ങൾ പരക്കുന്നുണ്ടെങ്കിലും സാമ്പത്തികമായി ചെറിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന ബാഴ്സ അദ്ദേഹത്തെ ടീമിൽ എത്തിക്കാൻ സാധ്യത കുറവാണ്.